കരിമണ്ണൂർ: ആനയാടിക്കുത്ത് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് സന്ദർശകരുടെ ഒഴുക്ക് വർധിച്ചതോടെ സഞ്ചാരികളെ തെറ്റിദ്ധരിപ്പിച്ച് പണം ഈടാക്കുന്ന സംഘങ്ങൾക്കെതിരെ നടപടിയുമായി കരിമണ്ണൂർ പൊലീസ്.
സഞ്ചാരികളുടെ വാഹനങ്ങൾ നിർബന്ധപൂർവം സ്വകാര്യ പാർക്കിംഗ് ഗ്രൗണ്ടുകളിലേക്ക് തിരിച്ച് വിടുകയും തുടർന്ന് മറ്റ് വാഹനങ്ങളിൽ കയറ്റി കുത്തിന് മുകളിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് അമിത നിരക്ക് ഈടാക്കുകയും ചെയ്യുന്നതായാണ് പരാതി. വെറും 400 മീറ്റർ ദൂരം സഞ്ചരിക്കാൻ 500 രൂപ വരെ ഈടാക്കുന്നതായും സന്ദർശകർ ആരോപിക്കുന്നു.
ഇതുസംബന്ധിച്ച പരാതി ഉയർന്നതിനെ തുടർന്ന് കരിമണ്ണൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാറിന്റെ നിർദേശപ്രകാരം എസ്.ഐ. ബേബി ജോസഫിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. സ്വകാര്യ പാർക്കിംഗ് ഗ്രൗണ്ടുകൾക്ക് പഞ്ചായത്തിന്റെ ആവശ്യമായ ലൈസൻസും അനുമതികളും ഉണ്ടാകണമെന്ന് പൊലീസ് നിർദേശിച്ചു. സഞ്ചാരികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
വലിയ വാഹനങ്ങൾ കുത്തിന് മുകളിലേക്ക് എത്താൻ കഴിയില്ലെന്ന പ്രചാരണം നടത്തിയാണ് ചിലർ സഞ്ചാരികളെ തെറ്റിദ്ധരിപ്പിച്ച് പണം ഈടാക്കുന്നതെന്നാണ് പരാതി. എന്നാൽ കുത്തിന് സമീപം വരെ വാഹനങ്ങൾ എത്താൻ കഴിയുന്ന റോഡ് വികസന പ്രവർത്തനങ്ങൾ പൂർത്തിയായതോടെ ഇപ്പോൾ വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രദേശത്ത് കാണുന്നത്.
റോഡ് വികസനം പൂർത്തിയാകുന്നതിന് മുമ്പ് സന്ദർശകർ വാഹനങ്ങൾ താഴെ പാർക്ക് ചെയ്ത് കാൽനടയായാണ് കുത്തിലേക്ക് എത്തിച്ചേരാറുണ്ടായിരുന്നത്. നിലവിൽ വാഹനങ്ങൾ കൂടുതൽ അടുത്ത് വരെ എത്താൻ കഴിയുന്നതോടെ യാത്രാസൗകര്യം മെച്ചപ്പെട്ടിട്ടുണ്ട്.
അതേസമയം, ശുചിമുറി, വിശ്രമകേന്ദ്രം, കുടിവെള്ള സൗകര്യം തുടങ്ങിയ അടിസ്ഥാന സംവിധാനങ്ങൾ ഇതുവരെ ഒരുക്കിയിട്ടില്ല. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി പ്രവേശന ഫീസ് ഏർപ്പെടുത്തി വിനോദസഞ്ചാര കേന്ദ്രത്തിന്റെ പരിപാലനം ഉറപ്പാക്കാൻ പഞ്ചായത്ത് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.