ആലപ്പുഴ: മുൻ മുഖ്യമന്ത്രി Pinarayi Vijayan പങ്കെടുത്ത നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാസംഘാംഗങ്ങൾ മർദിച്ച കേസിൽ പ്രതികൾക്കെതിരെ നരഹത്യാശ്രമ കുറ്റം കൂടി ചുമത്തി ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
അസഭ്യം പറയൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ മാത്രമായിരുന്നു നേരത്തെ കേസിൽ ഉൾപ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന എസ്. അനിൽകുമാറും അകമ്പടി സംഘാംഗമായിരുന്ന എസ്. സന്ദീപുമാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ.
ഇവർ ജാമ്യാപേക്ഷ സമർപ്പിക്കാനുള്ള നീക്കത്തിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ബൈജു പോളോസ് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ നരഹത്യാശ്രമം ഉൾപ്പെടുത്തിയ റിപ്പോർട്ട് സമർപ്പിച്ചത്. ഇതോടെ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യം തേടാനുള്ള നീക്കത്തിൽ നിന്ന് പ്രതികൾ പിന്മാറുകയും സെഷൻസ് കോടതിയെ സമീപിക്കുകയും ചെയ്തു.
നേരത്തെ മുൻകൂർ ജാമ്യം തേടി സെഷൻസ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്ന കാരണത്താൽ ഹർജി തീർപ്പാക്കിയിരുന്നു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ മജിസ്ട്രേറ്റ് കോടതിയിൽ അഡ്വാൻസ് പെറ്റീഷനും നൽകിയിരുന്നു.
ഇന്നലെ കേസ് പരിഗണിക്കുമ്പോൾ പ്രതികൾ ഹാജരാകുമെന്ന സൂചനയെ തുടർന്ന് കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു. എന്നാൽ കോടതി നടപടികൾക്കുശേഷമാണ് നരഹത്യാശ്രമ വകുപ്പ് കൂടി ഉൾപ്പെടുത്തിയ റിപ്പോർട്ട് അന്വേഷണസംഘം സമർപ്പിച്ചത്.
ഗുരുതര കുറ്റമായതിനാൽ ഈ കേസിൽ മജിസ്ട്രേറ്റ് കോടതിക്ക് ജാമ്യം അനുവദിക്കാൻ കഴിയില്ല. തുടർന്ന് ജാമ്യാപേക്ഷ സമർപ്പിക്കുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രതികൾ കോടതിയിൽ ഹാജരായിരുന്നില്ല. പിന്നീട് ഓൺലൈനായി സെഷൻസ് കോടതിയിൽ വീണ്ടും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.