പീഡനത്തിന് ഇരയായവരുടെ പ്രായം നിശ്ചയിക്കുന്നതിൽ പോക്സോ നിയമ പ്രകാരം എസ്എസ്എൽസി ബുക്കും സ്കൂൾ പ്രവേശന റജിസ്റ്ററും മതിയായ രേഖയാണെന്നു ഹൈക്കോടതി. പോക്സോ കേസിൽ പ്രതിയെ 10 വർഷം തടവിന് ശിക്ഷിച്ച മഞ്ചേരി പോക്സോ കോടതി വിധി ശരിവച്ച ഉത്തരവിലാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. 41കാരനായ മലപ്പുറം സ്വദേശിയാണു ഹൈക്കോടതിയെ സമീപിച്ചത്.നൃത്തം പഠിക്കാൻ എത്തിയപ്പോഴായിരുന്നു പീഡനം. ഗർഭിണിയായ പെൺകുട്ടി കുഞ്ഞിനു ജന്മം നൽകി. അതിജീവിതയുടെ പ്രായം 18ൽ താഴെയാണെന്ന് തെളിയിക്കാനായില്ല എന്നായിരുന്നു അപ്പീലിലെ വാദം. ഹാജരാക്കിയ എസ്എസ്എൽസി ബുക്കും സ്കൂളിലെ അഡ്മിഷന് രജിസ്റ്ററും മതിയായ തെളിവല്ലെന്നും വിശദീകരിച്ചു. എന്നാൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് അതിജീവിതയുടെ പ്രായം തെളിയിക്കാനുള്ള ഏറ്റവും നല്ല രേഖയാണെന്നും കോടതി പറഞ്ഞു. പെൺകുട്ടിയുടെ പ്രായം 18ൽ താഴെ ആയതിനാൽ ഉഭയസമ്മത പ്രകാരമുളള ബന്ധമായിരുന്നു എന്നതടക്കമുള്ള വാദത്തിന് അർഥമില്ലെന്നും വിലയിരുത്തി. പ്രതിയാണ് പെൺകുട്ടി ജന്മം നൽകിയ കുഞ്ഞിന്റെ അച്ഛനെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതാണെന്നും കോടതി ചൂണ്ടിക്കാട്ടി.