എൽപിജി വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം) 46 രൂപ കൂട്ടിയതോടെ കൊച്ചിയിൽ വില 3131 രൂപയായി. ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിലയാണിത്. പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് ഈ വർഷം ഇതുവരെ സംസ്ഥാനത്തു കൂടിയത് 1544 രൂപ. മിൽമ പാൽവിലയും വർധിപ്പിച്ചതോടെ ഹോട്ടൽ, കേറ്ററിങ്, ബേക്കറി മേഖലകൾ പ്രതിസന്ധിയിലായി. അതേസമയം, ഗാർഹിക സിലിണ്ടർ (14.2 കിലോഗ്രാം) നിരക്കിൽ മാറ്റമില്ല; കൊച്ചിയിൽ വില 920 രൂപ.
5 കിലോ തൂക്കമുള്ള ഫ്രീട്രേഡ് (എഫ്ടിഎൽ) സിലിണ്ടറുകളുടെ വില 11 രൂപ കൂട്ടി. പെട്രോൾ, ഡീസൽ വില 11 ദിവസത്തിനിടെ 4 തവണ കൂട്ടിയിരുന്നു. പെട്രോളിന് ലീറ്ററിന് 7.35 രൂപയുടെയും ഡീസലിന് 7.53 രൂപയുടെയും വർധന.4 വർഷത്തെ ഇടവേളയ്ക്കു ശേഷം ആദ്യമായി കഴിഞ്ഞ 15നാണ് ഇന്ധനവില കൂട്ടിയത്. സിഎൻജി വില ഡൽഹിയിൽ കഴിഞ്ഞ 15നും 26നും ഇടയിൽ 7 രൂപയോളമാണു വർധിച്ചത്.