മാംസാഹാരം കഴിക്കുന്ന ഭൂരിഭാഗം പേരുടെയും ഇഷ്ടവിഭവമാണ് പോത്തിറച്ചി. സംസ്ഥാനത്ത് മാട്ടിറച്ചി ക്ഷാമം രൂക്ഷമാകുന്നു. അയൽ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് മാടുകൾ എത്താത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ജൂൺ 12 മുതൽ ഇടുക്കിയിലെ ഇറച്ചിക്കടകൾ പ്രവർത്തനം നിർത്തിവെക്കുമെന്നാണ് വിവരം.
കഴിഞ്ഞ രണ്ട് മാസമായി സംസ്ഥാനത്ത് മാട്ടിറച്ചിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്ന് പ്രതിമാസം ഏകദേശം ഒന്നരലക്ഷത്തോളം കന്നുകാലികളാണ് കേരളത്തിലേക്ക് എത്തിച്ചേരാറുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അത് ഇരുപതിനായിരത്തിൽ താഴെയായി കുറഞ്ഞിരിക്കുകയാണ്.
ഗോസംരക്ഷക സംഘടനാ പ്രവർത്തകരുടെ പേരിൽ കന്നുകാലികളുമായി എത്തുന്ന വാഹനങ്ങൾ തടഞ്ഞ് പിടിച്ചെടുക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. അതിനാൽ കന്നുകാലികളെ കേരളത്തിലേക്ക് കൊണ്ടുവരാൻ വ്യാപാരികൾ മടിക്കുകയാണ്.
കഴിഞ്ഞ മേയ് മാസം മുതൽ ആന്ധ്രപ്രദേശിൽ കന്നുകാലികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതും നിർത്തിയിട്ടുണ്ട്. സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ആരോഗ്യവാനായ മാടുകളെ പോലും പിടിച്ചെടുക്കുന്നുണ്ട്. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കച്ചവടക്കാർക്ക് ഉണ്ടാകുന്നതെന്ന് അവർ പറയുന്നു.
അറവുശാലകളും കച്ചവട സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ട അവസ്ഥയാണ്. കേരളത്തിൽ വളർത്തുന്ന കന്നുകാലികളെ മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. കച്ചവടക്കാരുടെ സംഘടനയായ മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ നാല് സംസ്ഥാന സർക്കാരുകൾക്കും പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് ആരോപിക്കുന്നു.
വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്. കിലോയ്ക്ക് 380 രൂപയ്ക്ക് ലഭിച്ചിരുന്ന പോത്തിറച്ചിയുടെ വില ഇപ്പോൾ 440 രൂപയായി ഉയർന്നിരിക്കുകയാണ്.