മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ ഏറ്റെടുക്കുന്നതിനും ഗുണഭോക്തൃ ഫണ്ട് കൈമാറുന്നതിലും ബോധപൂർവ്വമായ കാലതാമസം വരുത്തിയെന്ന് ആരോപിച്ച് ജില്ലാ കളക്ടർക്കെതിരെ സർക്കാർ തലത്തിൽ നടപടിക്ക് നീക്കം. ഫണ്ട് വിതരണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കളക്ടർക്ക് നോട്ടീസ് അയച്ചിരുന്നു.(Action Against Wayanad Collector Over Landslide Fund Distribution Delay)
മുമ്പ് ഈ ചുമതല വഹിച്ചിരുന്ന കെ. ബിജു അയച്ച നോട്ടീസുകളുടെ തുടർച്ചയാണിത്. ചീഫ് സെക്രട്ടറിയുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ഈ നടപടികൾ. പണം കൈമാറാൻ വൈകിയത് സർക്കാർ തലത്തിലെ നടപടിക്രമങ്ങൾ മൂലമാണെന്നാണ് കളക്ടർ നൽകിയ വിശദീകരണം. എന്നാൽ, ഈ മറുപടി തൃപ്തികരമല്ലെന്ന് സർക്കാർ വിലയിരുത്തുന്നു.
കളക്ടർക്കെതിരായ ഈ നടപടി നീക്കത്തെ ഒരു വിഭാഗം ‘പ്രതികാര നടപടി’ ആയിട്ടാണ് വിശേഷിപ്പിക്കുന്നത്. ദുരന്തബാധിതർക്ക് സഹായം ലഭിക്കാൻ വൈകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.