ദേശീയ പുരസ്കാര ജേതാവും മലയാള സിനിമയിലെ അതുല്യ പ്രതിഭയുമായ സലിം കുമാർ അന്തരിച്ചു. 57 വയസ്സായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വെന്റിലേറ്റർ സഹായത്തിലായിരുന്നു. ശനിയാഴ്ച ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ ഹാസ്യനടനായും സ്വഭാവനടനായും സംവിധായകനായും സലിം കുമാർ മലയാളികളുടെ ഹൃദയത്തിൽ സ്ഥിരസ്ഥാനം നേടി. ഹാസ്യരംഗങ്ങളിലെ അതുല്യമായ ടൈമിംഗിനൊപ്പം ഗൗരവമേറിയ കഥാപാത്രങ്ങളെയും അദ്ദേഹം അനശ്വരമാക്കി.
2011-ൽ പുറത്തിറങ്ങിയ ആദാമിൻ്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ അദ്ദേഹം മലയാള സിനിമയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന കലാകാരന്മാരിൽ ഒരാളായിരുന്നു.
സലിം കുമാറിന്റെ വിയോഗവാർത്ത പുറത്തുവന്നതോടെ സിനിമാ-സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയ്ക്ക് പകരംവെക്കാനാകാത്ത ഒരു കലാകാരനെയാണ് നഷ്ടമായിരിക്കുന്നതെന്ന് സഹപ്രവർത്തകരും ആരാധകരും അനുസ്മരിക്കുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയിലായിരുന്നു അന്ത്യം. സംസ്ക്കാരം ഞായറാഴ്ച വൈകീട്ട് 3.30 ന് വീട്ടുവളപ്പിൽ. രാവിലെ 9 മുതൽ പറവൂർ ടൗൺ ഹാളിൽ പൊതുദർശനം. ഉച്ചയ്ക്ക് പറവൂരിലെ വീട്ടിലെത്തിക്കും. 1969 ഒക്ടോബർ ഒൻപതിന് വടക്കൻ പറവൂരിലാണ് സലിംകുമാർ ജനിച്ചത്. പേരുകേട്ടാൽ ആരും മതം തിരിച്ചറിയേണ്ട എന്നുകരുതിയാണ് അച്ഛൻ സലിം എന്ന് മകനെ വിളിച്ചത്. സ്കൂളിലെ ടീച്ചർ നിർബന്ധിച്ച് കുമാർ എന്നുകൂടി ചേർത്തു. സലിം ഇക്കയെന്ന് പലരും തന്നെ വിളിക്കാറുണ്ടെന്ന് ഒരിക്കൽ താരം തന്നെ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ചിറ്റാറ്റുകരക്കാരനായ സലിംകുമാർ സിനിമാനടനാകാൻ വേണ്ടിയാണ് മഹാരാജാസിലേക്ക് വണ്ടി കയറിയെത്തിയത്. കലോൽസവങ്ങളിലെ മിമിക്രി തനിക്ക് സിനിമയിലേക്ക് വഴി തുറക്കുമെന്ന് സലിംകുമാർ ഉറച്ച് വിശ്വസിച്ചു. കൊച്ചിൻ കലാഭവനിലും സാഗറിലുമെല്ലാം സജീവമായി മിമിക്രി അവതരിപ്പിച്ചു. ഉറ്റസുഹൃത്തായ നാദിർഷയാണ് സലിംകുമാറിനെ സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്. 'ഇഷ്ടമാണ് നൂറുവട്ട'മായിരുന്നു ആദ്യ ചിത്രം. 1996 സെപ്റ്റംബർ 14ന് സുനിതയെ പ്രണയിച്ച് വിവാഹം കഴിച്ചു. അതിന് പിറ്റേ ദിവസമാണ് സിനിമയിൽ അഭിനയിക്കാൻ പോയത്. 2000 ത്തിൽ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം സൂപ്പർഹിറ്റായതോടെ സലിംകുമാർ മലയാളിയുടെ മനസിലും ഇരിപ്പുറപ്പിച്ചു. മുന്നൂറിലേറെ സിനിമകളിൽ താരം നിറഞ്ഞു നിന്നു. കംപാർട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈ തൊഴാം കേൾക്കുമാറാകണം എന്നീ സിനിമകളും സംവിധാനം ചെയ്തു. വെറുമൊരു മിമിക്രി കലാകാരനായിരുന്ന തന്നെ മാത്രം മതിയെന്ന് പറഞ്ഞ് റിസ്കെടുത്ത സുനിതയ്ക്ക് ദൈവം നൽകിയ സമ്മാനമാണ് ജീവിതത്തിലുണ്ടായ എല്ലാ നേട്ടങ്ങളുമെന്നും സലിംകുമാർ പറയുമായിരുന്നു. അച്ഛനുറങ്ങാത്ത വീടിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം (2005), ആദാമിന്റെ മകൻ അബുവിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ (2010), അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിന് മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം (2013), കറുത്ത ജൂതന് 2016 ലെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന പുരസ്കാരം, 2013 ൽ മികച്ച നടനുള്ള ടെലിവിഷൻ അവാർഡ് എന്നിവ സലിംകുമാറിനെ തേടിയെത്തി. ജൻമം കൊണ്ടേ താൻ കോൺഗ്രസുകാരനാണെന്നാണ് സലിംകുമാർ പറയുക. ചിറ്റാറ്റുകരയിലും മാല്യങ്കര കോളജിലെ പഠനകാലത്തും രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നുവെന്നും അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ജീവിതമാർഗം കണ്ടെത്തേണ്ടി വന്നതോടെ മഹാരാജാസിലെത്തിയതോടെ രാഷ്ട്രീയ പ്രവർത്തനത്തിന് ചെറിയ ഇടവേള നൽകി. സിനിമയിൽ നിന്ന് ഷോർട്ട് ബ്രേക്കെടുത്ത കാലത്ത് കോൺഗ്രസ് വേദികളിൽ സജീവമായി.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ചിരിപ്പിച്ചും ചിന്തിപ്പിച്ചും താരമെത്തി. ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് പറഞ്ഞവരിൽ ഒരാൾ സലിംകുമാറായിരുന്നു. ഒടുവിൽ വി.ഡി.സതീശൻ മുഖ്യമന്ത്രിയായപ്പോൾ ആ സന്തോഷവും താരം പങ്കിട്ടു.
Karimkunnam.com ൻ്റെ ആദരാഞ്ജലികൾ. 🌹