വടകര:സംസ്ഥാനത്തെ ഞെട്ടിച്ച വടകര എംഡിഎംഎ കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് പോലീസ് മറ്റൊരു അധ്യാപികയെ കൂടി അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്റർ (BRC) അധ്യാപികയും കുട്ടോത്ത് സ്വദേശിനിയുമായ നീഷ്മയാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി.
നേരത്തെ അറസ്റ്റിലായ അധ്യാപികമാരായ കീർത്തന,കാവ്യ എന്നിവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നീഷ്മയെ പിടികൂടിയത്. അന്വേഷണത്തിൽ ലഹരി സംഘങ്ങളിൽ നിന്ന് വൻതോതിൽ പണം നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതായി പോലീസ് കണ്ടെത്തി.
അറസ്റ്റിലായ മൂന്ന് അധ്യാപികമാരും എംഡിഎംഎ ഉപയോഗിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ.ലഹരി ഉപയോഗത്തിനൊപ്പം എംഡിഎംഎ ഇടപാടുകൾക്ക് ഇടനിലക്കാരായും ഇവർ പ്രവർത്തിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ലഹരി വാങ്ങാനെത്തുന്നവരിൽ നിന്ന് QR കോഡ് വഴി പണം സ്വീകരിക്കുകയും, തുടർന്ന് ഗൂഗിൾ മാപ്പ് ലൊക്കേഷൻ അയച്ചുകൊടുക്കുകയും, അവിടെ മറ്റൊരാൾ എത്തി എംഡിഎംഎ കൈമാറുകയും ചെയ്യുന്നതായിരുന്നു ഇവരുടെ പ്രവർത്തനരീതിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കീർത്തനയുടെ അക്കൗണ്ടിലെത്തിയ പണത്തിന്റെ ഒരു ഭാഗം കാവ്യയുടെ അക്കൗണ്ടിലേക്കും കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. കാവ്യയ്ക്ക് ലഹരി ശൃംഖലയുമായി നേരിട്ട് ബന്ധമുണ്ടെന്ന സംശയത്തിലും അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ മാസം വടകര സ്വദേശിയായ അധ്യാപിക പിടിയിലായതോടെയാണ് ഈ ലഹരി ശൃംഖലയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൂടുതൽ കണ്ണികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു.
'ഓപ്പറേഷൻ തൂഫാൻ' എന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധനയും റെയ്ഡുകളും തുടരുകയാണ്. ഈ കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനിടയുണ്ടെന്നും അന്വേഷണം പൂർണ വേഗത്തിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു..
Photo courtesy : Mazhavil Malayalam