സൗന്ദര്യം തുളുമ്പുന്ന ചര്‍മത്തിനായി ക്രീമുകൾ ഉയോഗിക്കുന്നവരാണ് നാമെല്ലാവരും. ഇപ്പോഴിതാ ഫെയ്സ് ക്രീം ഉപയോഗിച്ച് മലപ്പുറം സ്വദേശി 17 കാരിയുടെ വൃക്ക തകരാറിലായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ പരസ്യം കണ്ടാണ് ക്രീം വാങ്ങി ഉപയോഗിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. ക്രീം ഉപയോഗിച്ചാൽ എങ്ങനെയാണ് വൃക്ക തകരാറിലാകുന്നതെന്ന സംശയം സ്വഭാവികമാണ്. ഇതിലടങ്ങിയിരിക്കുന്ന മെർക്കുറിയാണ് കാരണം. മെമ്പ്രാനസ് നെഫ്രോപതി എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതും യാഥാർഥ്യത്തിന് നിരക്കാത്തതുമായ പരസ്യങ്ങളിൽ മയങ്ങി അംഗീകൃതമല്ലാത്ത ക്രീമുകൾ വാങ്ങി വഞ്ചിതരാകരുതെന്നും ചേരുവ വെളിപ്പെടുത്താത്ത ഇത്തരം ക്രീമുകൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നു ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ് സംസ്ഥാന പ്രസിഡന്റ് ഡോ. വിനോദ് വി. നായർ മുന്നറിയിപ്പ് നൽകുന്നു.
എന്താണ് മെമ്പ്രാനസ് നെഫ്രേപതി?
ശരീരത്തിൽ നിന്ന് പ്രോട്ടീന്‍ നഷ്ടമാകുന്ന രോഗാവസ്ഥയാണ് മെമ്പ്രാനസ് നെഫ്രോപ്പതി എന്ന് അറിയപ്പെടുന്നത്. ക്ഷീണം, വിറയൽ, ഓർമക്കുറവ് തുടങ്ങിയവയാണ് പ്രാരംഭഘട്ട ലക്ഷണങ്ങള്‍. ക്രമേണ ഇത് വർധിക്കുകയും ശരീരത്തിനകത്തേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ക്രീമിലെ മെർക്കുറിയാണ് വില്ലൻ. പല പ്രമുഖ ബ്രാന്‍ഡുകൾ ഇത് ഉപയോഗിക്കുന്നുണ്ട്. ദീർഘകാലം ഇത് ഉപയോഗിക്കുമ്പോൾ വൃക്ക, തലച്ചോറ് തുടങ്ങിയവയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. മൂത്രത്തിലൂടെ പുറത്തേക്ക് പ്രോട്ടീൻ പോകുന്നതും ഇതിന്റെ ഭാഗമാണ്.
മെലാനിൻ ഉൽപാദനം കുറയ്ക്കും.
ഫെയ്സ് ക്രീം പോലുള്ള വസ്തുക്കളിൽ മെര്‍ക്കുറി ഉപയോഗിക്കുമ്പോൾ അത് മെലാനിന്റെ ഉൽപാദനം കുറയ്ക്കും. ഇത് ചിലപ്പോൾ ശരീരം വെളുക്കാൻ കാരണമാകും. ഇത് സ്ഥിരമായുണ്ടാകുന്ന മാറ്റമല്ലെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. താൽക്കാലികമായ ഈ മാറ്റമാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് തുടക്കമിടുന്നത്. ചർമ്മത്തിന് നിറം നൽകുന്ന മെലാനിന്റെ കുറവ് ശരീരത്ത് പല രീതിയില്‍ പ്രകടമാകും. മുടിയിലെയും കണ്ണിലെയും നിറ വ്യത്യാസവും ശരീരത്ത് സംഭവിക്കുന്ന വെളുത്ത പാടുകളും ഇതിന് ഉദാഹരണമാണ്.
മെർക്കുറി അടങ്ങിയവ നിരോധിക്കണം.
ലോകാരോഗ്യ സംഘടന ഈ വിഷയത്തിൽ മുൻപും നിലപാട് വ്യക്തമാക്കിയതാണ്. മെർക്കുറി അടങ്ങിയ ശരീര സൗന്ദര്യ വർധക വസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാണെന്നും ഉപേക്ഷിക്കണമെന്നുമാണ് മുന്നറിയിപ്പ്. പല രാജ്യങ്ങളിലും ഇവയുടെ നിര്‍മാണത്തിനും വിൽപനയ്ക്കും സമ്പൂർണ നിരോധനമുണ്ട്. നാഡീവ്യവസ്ഥയെ പൂർണമായി തകർക്കുന്നതിന് പുറമെ ഹോർമോൺ സംബന്ധമായ പ്രശ്നങ്ങളും സംഭവിക്കാം.
മെർക്കുറിയെ തിരിച്ചറിയാൻ.
ക്രീം പോലുള്ള വസ്തുക്കളിൽ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്ന ഒന്നാണ് മെർക്കുറി. ഇന്ത്യയിൽ ഇവയ്ക്ക് നിരോധനമുണ്ടെങ്കിലും 1 ppm വരെ ഉപയോഗിക്കാൻ അനുവാദം ഉണ്ട്. എന്നാൽ പാര്‍ശ്വഫലങ്ങളെ മുൻപിൽ കണ്ട് Mercurous chloride, Mercuric, Hg എന്നീ പേരിൽ ചേരുവകളില്‍ കാണുന്നതും മെർക്കുറി തന്നെയാണ്. വാങ്ങുമ്പോൾ ഇത് ശ്രദ്ധിക്കണം. വൃക്കകളിൽ വിഷാംശം അടിഞ്ഞ് കൂടിയാണ് തകരാറിലാകുന്നത്. പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടമാകുന്നതിനും ചിലപ്പോൾ ഇത് കാരണമാകാം. കൂടാതെ വിഷാദം, ഉത്കണ്ഠ തുടങ്ങി മാനസിക പ്രശ്നങ്ങളും ഇതിന്റെ പാര്‍ശ്വഫലങ്ങളാണ്.