2026 നവംബര്‍ 24 | ചൊവ്വ
1202 വൃശ്ചികം 8, കാര്‍ത്തിക
◾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോടെ തളര്‍ന്നു പോയ സിപിഎമ്മിനെ കരുത്തുറ്റതാക്കാന്‍ ശ്രമിക്കുന്ന തിരുത്തലുകള്‍ക്കിടയില്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാക്കളായ ജയരാജന്മാരുടെ വിഴുപ്പലക്കല്‍. കണ്ണൂരിലെ മുതിര്‍ന്ന നേതാക്കളായ ഇ പി ജയരാജനും പി ജയരാജനുമാണ് ഇപ്പോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നത്. റിസോര്‍ട്ടിന്റെ പേരില്‍ ഇ.പി.ജയരാജനെ പൂട്ടാന്‍ ശ്രമിച്ച പി.ജയരാജനെതിരെ റിസോര്‍ട്ട് തന്നെ ആയുധമാക്കിയാണ് ഇ.പി.യുടെ തിരിച്ചടി. ദുബായില്‍ ബിസിനസുകാരനായ കോട്ടയം സ്വദേശിയുടെ മാങ്കുളത്തെ റിസോര്‍ട്ടില്‍ പി.ജയരാജന് ബിസിനസ് പങ്കാളിയാണെന്നാണ് ഇപി പാര്‍ട്ടിക്ക് നല്കിയ കത്തിലുള്ളത്. ഇതിനു പുറമെ പി ശശിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നിലും പി ജയരാജനാണെന്ന് ഇപിയുടെ കത്തിലുണ്ട്. കോടിയേരി ബാലകൃഷ്ണനെതിരെ പി ജയരാജന് അപവാദ പ്രചാരണം നടത്തിയെന്നും പിണറായിക്കും മകള്‍ക്കുമെതിരായ കേസിലെ രേഖകള്‍ ശേഖരിച്ചെന്നും ഇപി കത്തില്‍ ആരോപിക്കുന്നു.
◾ കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവര്‍ക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സൈബര്‍ സുരക്ഷാ വിഭാഗം. വാട്സ്ആപ്പ് വെബ് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും, ഉപയോഗശേഷം നിര്‍ബന്ധമായും ലോഗ് ഔട്ട് ചെയ്യണമെന്നുമാണ് നിര്‍ദ്ദേശം.
◾ അമേരിക്കന്‍ നാവിക ഉപരോധം മറികടക്കാന്‍ ശ്രമിക്കുന്ന ഇറാന്റെ കപ്പലുകളെ കടലില്‍ മുക്കുമെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും യുദ്ധഭീതി ഉയര്‍ത്തുന്നു. ഇതിനു പിന്നാലെ ഇറാന്റെ എണ്ണ കപ്പലിനെ അമേരിക്ക ആക്രമിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍ അമേരിക്കയുടെ ഭീഷണിക്ക് മുന്നില്‍ പതറില്ലെന്നും നാവിക ഉപരോധം അവസാനിപ്പിക്കാന്‍ സൈനിക ശക്തി ഉപയോഗിക്കുമെന്ന് ഇറാനും തിരിച്ചടിച്ചു.
◾ ദില്ലിയില്‍ വായു മലിനീകരണം നിയന്ത്രിക്കാന്‍ ബിഎസ്-6 വാഹനങ്ങള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രീം കോടതി. ദില്ലിയില്‍ മാത്രമായോ എന്സിആറിലാകെയോ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പരിശോധിക്കും. മലിനീകരണം സൃഷ്ടിക്കുന്ന വാണിജ്യ വാഹനങ്ങള്‍ക്ക് പ്രവേശനം നിരോധിക്കുന്ന നിര്‍ദേശവും കോടതി മുന്നോട്ടുവെച്ചു
◾ മിഷന് ചക്കകൊമ്പന്‍ നാളെ. ചിന്നക്കനാലില്‍ ഭീതിപരത്തുന്ന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ദൗത്യം നാളെ നടക്കും. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലെ ഒന്ന്, രണ്ട്, ഒന്‍പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് വാര്‍ഡുകളില്‍ നാളെ നിരോധനാജ്ഞ.
◾ വയോജനങ്ങളുടെ സംരക്ഷണത്തിനുള്ള നിയമം കൊണ്ടുവരുമെന്നും മാതാപിതാക്കളുടെ സ്വത്ത് എഴുതി വാങ്ങി തെരുവില്‍ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി വിഡി സതീശന്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കുമെന്നും ഇനി ആരും തെരുവില്‍ ഉപേക്ഷിക്കപ്പെടരുതെന്നും വിഡി സതീശന് പറഞ്ഞു.
◾ യുഡിഎഫ് യോഗം കൃത്യമായി ചേരാത്തതിലും ബോര്‍ഡ് കോര്പറേഷന് വിഭജനം വൈകുന്നതിലും തുറന്നടിച്ച് ആര്‍എസ്പി. നയപരവും വിയോജിപ്പുള്ളതമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് മുന്നണിയിലാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പാര്‍ട്ടി പ്രതികരിച്ചു.
◾ യൂത്ത് കോണ്‍ഗ്രസ് പരിപാടിക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശന് കണ്ണൂരില്‍ നടത്തിയ പ്രസംഗം ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് നടത്തിയ നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. സ്വന്തം അണികളെ പ്രകോപിപ്പിച്ച് പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കലാപാഹ്വാനമാണ് മുഖ്യമന്ത്രി നടത്തിയതെന്നും ഇത് നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു. അക്രമികള്‍ക്ക് മാപ്പ് നല്കുന്ന പഴയ രീതിയല്ല ഇനിയുള്ളതെന്നും, പ്രവര്‍ത്തകരുടെ ചോരയ്ക്ക് എണ്ണിയെണ്ണി പകരം ചോദിക്കുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചതെന്നും സതീശന് കണ്ണൂരില്‍ പ്രസംഗിച്ചിരുന്നു.
◾ ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്ത് മുഖ്യമന്ത്രി വിഡി സതീശന് ഇന്ന് സന്ദര്‍ശനം നടത്തും. മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. പാത്രിയാര്‍ക്കീസ് ബാവയുടെ മണര്‍കാട് പള്ളി സന്ദര്‍ശനത്തിന് പിന്നാലെ ഓര്‍ത്തഡോക്സ് സഭ സര്‍ക്കാരില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അനുനയ നീക്കം.
◾ സന്യാസിനിയായതിന്റെ പേരില്‍ അനന്തരാവകാശം നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവ്. മതപരമായ സന്യാസജീവിതം സ്വീകരിച്ച ഒരാള്‍ക്ക് ഇന്ത്യന്‍ പിന്തുടര്ച്ചാവകാശ നിയമപ്രകാരമുള്ള അനന്തരാവകാശം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
◾ വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്. ഇത്തരം ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തുനല്‍കി.
◾ ആറന്മുള എംഎല്‍എയായിരിക്കെ വീണാ ജോര്‍ജ് ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചില്ലെന്ന നിലവിലെ എംഎല്‍എ അബിന്‍ വര്‍ക്കിയുടെ ആരോപണത്തിന് മറുപടിയുമായി വീണാ ജോര്‍ജ്. ആറന്മുള നിയോജക മണ്ഡലത്തില്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ അടക്കം വിവരങ്ങള്‍ പങ്കുവെച്ചാണ് വീണാ ജോര്‍ജ് രംഗത്തെത്തിയത്. ഒരു രൂപ പോലും ചെലവഴിച്ചില്ലെന്ന് എംഎല്‍എയ്ക്ക് വിവരാവകാശ രേഖ നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.
◾ പോക്സോ കേസില്‍ നടന് ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ വിധിച്ച് കോടതി. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. അയ്യന്തോളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ കേസിലാണ് ശിക്ഷ. ഒരു കൊല്ലം തടവും അമ്പതിനായിരം രൂപയും ആണ് സ്പെഷ്യല്‍ ജഡ്ജ് വിധിച്ചത്.
◾ കൊച്ചിയില്‍ സിനഗോഗിന് സമീപത്ത് തീയിട്ട സംഭവത്തില്‍ പ്രതിയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി. പ്രതി എബിന് പോളിന് തീവ്രവാദ ബന്ധമുണ്ടെന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു.
◾ സഹകരണ മേഖലയിലെ അഴിമതിക്കെതിരെ സംസാരിച്ചതിനാണ് പയ്യന്നൂര്‍ എംഎല്‍എയ്ക്ക് നേരെ സിപിഎം ആക്രമണം അഴിച്ചുവിട്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സഹകരണ വാരാഘോഷ പരിപാടിക്കിടെ പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന്റെ പ്രസംഗം സിപിഎം പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയതിന് പിന്നാലെയാണ് സഹകരണ മേഖലയിലെ അഴിമതി ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയത്.
◾ കണ്ണൂര്‍ മാതാമംഗലം രാധാകൃഷ്ണന് വധക്കേസിലെ പ്രതി ജീവനൊടുക്കിയ നിലയില്‍. മാതാമംഗലം പെരുമ്പടവ് അടുക്കം സ്വദേശി നെല്ലൂര്‍ കോരച്ചം വീട്ടില്‍ എന്‍.കെ.സന്തോഷിനെ (40) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷിന്റെ സഹപാഠിയും കേസിലെ മൂന്നാം പ്രതിയുമായ മിനി നമ്പ്യാര്‍ താമസിക്കുന്ന മാതമംഗലം പുനിയംകോട് മണിയറ റോഡിന് സമീപത്തെ വീടിനു സമീപമുള്ള റബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
◾ കോടതിയലക്ഷ്യക്കേസില്‍ മലപ്പുറം സ്വദേശിയായ ജയപ്രകാശ് ഇ പിക്കെതിരെ കടുത്ത നടപടിയുമായി സുപ്രീം കോടതി. കേസില്‍ നേരിട്ട് ഹാജരാകാനുള്ള നിര്‍ദേശം അനുസരിക്കാത്തതിനെ തുടര്‍ന്ന് ജയപ്രകാശിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കേരള പൊലീസിനാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭാര്യയ്ക്ക് ജീവനാംശം നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാഹമോചനക്കേസിനിടെ, ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയടക്കം സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയതിനാണ് സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുത്തത്
◾ 2002ലെ സബര്‍മതി എക്സ്പ്രസ് ട്രെയിന്‍ തീവെയ്പ്പ് കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇര്ഫാന് സിറാജ് പദയുടെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. 18 വര്‍ഷത്തിലേറെയായി ജയിലിലാണെന്നും ആരോഗ്യപ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുകയാണെന്നും നിരീക്ഷിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 2002ലെ ഗോധ്ര കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ കുറ്റവാളികളായ രണ്ടുപേരുടെ ശിക്ഷാവിധിയും സുപ്രീം കോടതി അടുത്തിടെ മരവിപ്പിച്ചിരുന്നു.
◾ പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ പേര് ഒഴിവാക്കപ്പെട്ടവരുടെ പരാതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സുപ്രീംകോടതി. അപ്പീലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ആലോചിച്ച് നടപടിയെടുക്കാനും നിര്‍ദേശം നല്കി.
◾ ഡല്‍ഹിയിലെ ജാമാമസ്ജിദ് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നതിനിടെ അക്രമാസക്തനായ യുവാവ് അഞ്ച് പോലീസുകാരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി വീണ്ടും പോലീസ് സംഘത്തെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ഇയാളെ തടയാന്‍ പോലീസിന് വെടിയുതിര്‍ക്കേണ്ടി വന്നു. വെടിവെപ്പില്‍ പരിക്കേറ്റ നബീലിനെ പോലീസ് അറസ്റ്റ് ചെയ്തു.
◾ ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ മൂന്നാമത്തെ രാജ്യമെന്ന പദവി ഇന്ത്യ നിലനിര്‍ത്തി. വിദഗ്ധരുടെ സംഘമുള്‍പ്പെടുന്ന, ഓസ്ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 2026-ലെ 'ഏഷ്യ പവര്‍ ഇന്‍ഡക്സ്' റിപ്പോര്‍ട്ടിലാണ് ഈ നേട്ടം.
◾ പ്രമുഖ യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ ഡല്‍ഹി കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. 'ഐ സപ്പോര്‍ട്ട് നരേന്ദ്ര മോദി' എന്ന ഫേസ്ബുക്ക് പേജിന്റെ സ്ഥാപകനായ വികാസ് പാണ്ഡെ 2018-ല്‍ ഫയല്‍ചെയ്ത ക്രിമിനല്‍ അപകീര്‍ത്തി കേസിലാണ് നടപടി.
◾ പശ്ചിമ ബംഗാളിന്റെ പേര് 'പശ്ചിം ബംഗ' എന്നാക്കിമാറ്റാനുള്ള പ്രമേയം ഡിസംബര്‍ നാലിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനമെടുത്തത്.
◾ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജനത്തില്‍ സമാജ്വാദി പാര്‍ട്ടിയും (എസ്പി) കോണ്‍ഗ്രസും തമ്മില്‍ പ്രാഥമിക ധാരണയായെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ ഇന്നലെ നടന്ന ആദ്യഘട്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ഇരുപാര്‍ട്ടികളും സഖ്യത്തിന്റെ കാര്യത്തില്‍ ധാരണയിലെത്തിയത്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ എത്ര സീറ്റുകളാണ് ചര്‍ച്ചയിലുള്ളതെന്ന് ഇരുപാര്‍ട്ടികളും വെളിപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്തെ 403 മണ്ഡലങ്ങളില്‍130 സീറ്റുകള്‍ വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് ഇരു പാര്‍ട്ടികളും വീണ്ടും യോഗം ചേരും.
◾ ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ. നേപ്പാളിന്റെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 24000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. അയോധ്യ-ജനക്പൂര്‍ ധാം പുതിയ ട്രെയിന്‍ സര്‍വീസും ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
◾ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്തേക്ക് മടങ്ങിയെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷാമ ഒബെയ്ദ്. ഡിസംബറോടെ ഇന്ത്യയില്‍നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഹസീന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശ് ഭരണകൂടത്തിന്റെ കര്‍ശന മുന്നറിയിപ്പ്.
◾ രാജിവെച്ച എന്‍വിഡിയ മേധാവി ജെന്സന് ഹുവാങ് വീണ്ടും കമ്പനിയുടെ സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തി. കമ്പനിയുടെ പ്രസിഡന്റായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും ഡയറക്ടര്‍ ബോര്‍ഡ് അംഗമായും ഹുവാങിനെ നിയമിക്കാന്‍ എന്‍വിഡിയ ഡയറക്ടര്‍ ബോര്‍ഡ് ഏകകണ്ഠേനെ തീരുമാനിച്ചു. നവംബര്‍ 23 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നതായി ബോര്‍ഡ് അറിയിച്ചു.
◾ എന്‍വിഡിയയുടെ സിഇഒ സ്ഥാനത്തേക്ക് വീണ്ടുമെത്തുന്ന ജെന്സണ് ഹുവാങ്ങിനെ സ്വാഗതംചെയ്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹുവാങ്ങിനെ തിരിച്ചെടുക്കാനുള്ള എന്‍വിഡിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ തീരുമാനം നീതിയുക്തമാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഹുവാങ്ങിന്റെ നേതൃത്വം എന്‍വിഡിയയ്ക്ക് മാത്രമല്ല, അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക്ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുമെന്നും അദ്ദേഹം കുറിച്ചു. ഹുവാങ്ങിനെ 'രാജ്യത്തിന്റെ നിധി' എന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹം അമേരിക്കന്‍ ദേശീയ സുരക്ഷയ്ക്ക് യാതൊരു ഭീഷണിയുമല്ലെന്ന് ബോര്‍ഡിന് ഉറപ്പ് നല്‍കിയതായും വ്യക്തമാക്കി. ഹുവാങ്ങിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചതോടെ എന്‍വിഡിയ ഓഹരികള്‍ 33 ശതമാനം കുതിച്ചുയര്‍ന്നു. മറ്റ് ചിപ്പ് കമ്പനികളുടെ ഓഹരികളിലും ഇത് ഉണര്‍വുണ്ടാക്കി.
◾ കുട്ടികള്‍ക്ക് പ്രൊഫഷണല്‍ ക്രിക്കറ്റിന്റെ ഭാഗമാകാനും പ്രതിഭകളെ വളര്‍ത്തിയെടുക്കാനുമായി 'റോഡ് ടു കെ.സി.എല്‍' പദ്ധതി കെസിഎ ആരംഭിച്ചു. കായികമന്ത്രി ഒ.ജെ. ജെനീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു.
◾ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ദിവസങ്ങളായി കേരളത്തിലെ സ്വര്‍ണ വില ഇടിവില്‍ തുടരുകയായിരുന്നു. എന്നാല്‍ ഇന്നലെ 22 കാരറ്റ് ഗ്രാമിന് 135 രൂപ വര്‍ധിച്ച് ഗ്രാമിന് 11,600 ഉം പവന് 92,800 രൂപയുമായി വില. നവംബര്‍ 21, 22 ദിവസങ്ങളില്‍ ഈയടുത്തകാലത്തെ ഏറ്റവും വിലയിടിവില്‍ എത്തിയിരുന്നു സ്വര്‍ണ വില. പവന് 91,720 രൂപയിലായിരുന്നു അന്ന് വ്യാപാരം നടന്നിരുന്നത്. അതേ സമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3,608 ഡോളറിലും ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 92.75 നിലവാരത്തിലുമാണ്. സംസ്ഥാനത്ത് വെളളി വിലയും മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ വെള്ളി ഗ്രാമിന് 175 രൂപയിലും 10 ഗ്രാമിന് 1,750 രൂപയിലും വ്യാപാരം നടന്നു.
◾ ആപ്പിളിന്റെ പുതിയ സ്റ്റാന്‍ഡേര്‍ഡ് ഐഫോണായ ഐഫോണ്‍ 18നെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നു. പുതിയ എ20 പ്രോസസര്‍, 120 ഹെര്‍ട്സ് ഡിസ്പ്ലേ, മെച്ചപ്പെട്ട ബാറ്ററി, എഐ ഫീച്ചറുകള്‍ എന്നിവയുമായാകും ഫോണ്‍ എത്തുകയെന്നാണ് സൂചന. എന്നാല്‍ വില 1 ലക്ഷത്തിനടുത്തെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് ആശങ്കയാകുന്നുണ്ട്.
◾ ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിക്കുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നീക്കവുമായി കമ്പനി. വെറുമൊരു സെര്‍ച്ച് ബാറില്‍ നിന്ന് എഐ അധിഷ്ഠിത സേവനങ്ങളുടെ കേന്ദ്രമായി ഗൂഗിള്‍ ഹോംപേജ് മാറുകയാണ്. ഇതിന്റെ ഭാഗമായി ഡെസ്ക്ടോപ്പ് സെര്‍ച്ചില്‍ പുതിയ കൊളാപ്സിബിള്‍ സൈഡ്ബാര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. നേരത്തെ നടത്തിയ എഐ സെര്‍ച്ചുകള്‍ വീണ്ടും കണ്ടെത്താനും പഴയ സംഭാഷണങ്ങള്‍ തുടരാനും സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍.
◾ ഇന്ത്യന്‍ വാഹന വിപണിയിലെ ചെറു എസ്യുവി വിഭാഗത്തില്‍ മത്സരം കൂടുതല്‍ കടുക്കുന്നു. ടാറ്റ പഞ്ചിനും ഹ്യുണ്ടായി എക്സെന്റിനും ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ പുതിയ മൈക്രോ എസ്യുവിയുമായി രംഗത്തെത്താനൊരുങ്ങുകയാണ് മാരുതി സുസുക്കി. നിലവില്‍ വൈ43 എന്ന കോഡ് നാമത്തില്‍ വികസിപ്പിക്കുന്ന വാഹനത്തിന്റെ പരീക്ഷണയോട്ടം ഇന്ത്യന്‍ നിരത്തുകളില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ത്തലാക്കിയ മാരുതി ഇഗ്നിസിന് പകരക്കാരനായാണ് പുതിയ എസ്യുവി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
◾ നടനും സംവിധായകനുമായ അക്ഷയ് അജിത്ത് സംവിധാനം ചെയ്ത് നായകനായി എത്തുന്ന പുതിയ സിനിമ 'ദില്ലി'ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. സിനിമയുടെ ഗോവ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഈ മാസം 29 ന് ചിത്രീകരണം കൊച്ചിയില്‍ പുനരാരംഭിക്കും. പ്രണയത്തിനും പ്രതികാരത്തിനുമിടയിലെ മന:ശാസ്ത്രപരമായ പോരാട്ടമാണ് ചിത്രം പറയുന്നത്. മനുഷ്യബന്ധങ്ങളിലെ വിശ്വാസവും അവിശ്വാസവുമൊക്കെ പ്രമേയമായി വരുന്ന 'ദില്‍' ഒരു ഇമോഷണല്‍ സസ്പെന്‍സ് ത്രില്ലറാണ്. വിശ്വസിച്ച ഒരാളില്‍ നിന്നുള്ള വഞ്ചന മറ്റൊരാളുടെ ജീവിതത്തെ എത്രമാത്രം തീവ്രമായി ബാധിക്കുമെന്ന യാഥാര്‍ത്ഥ്യമാണ് ചിത്രം ചൂണ്ടിക്കാട്ടുന്നതെന്ന് സംവിധായകനും നായകനുമായ അക്ഷയ് അജിത്ത് പറഞ്ഞു.
◾ സബ്ബ് ഇന്സ്പക്ടുടെ ഔദ്യോഗിക വേഷത്തില്‍ ഒരു കൈയ്യില്‍ ബാഗും, മറു കൈയ്യില്‍ ഹെല്‍മറ്റുമായി വീട്ടില്‍ നിന്ന് ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹന്‍ലാല്‍ എത്തുന്ന അതിമനോഹരം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഡിസംബര്‍ ഇരുപത്തിനാലിന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന്റെ ഭാഗമായുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. .ആഷിക്ക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന് നിര്‍മ്മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് മോഹന്‍ലാലിന്റെ ലൗലജന്‍. അയാളുടെ ഔദ്യോഗിക ജീവിതത്തിലും,വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളെ കോര്‍ത്തിണക്കി ഒരു പോലീസ് പ്രൊസീജിയര്‍ ഡ്രാമയായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
◾ ഹൃദയാഘാതത്തിന്റെ സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്റെ പ്രധാനപ്പെട്ട ലക്ഷണം. ശ്വാസതടസം അഥവാ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ചിലപ്പോള്‍ ഹൃദയാഘാതത്തെ സൂചിപ്പിക്കാം.അമിതമായി വിയര്‍ക്കുന്നതും ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം. കാലില്‍ നീര്, ഓക്കാനവും ഛര്‍ദ്ദിയും നെഞ്ചെരിച്ചിലും ചിലപ്പോള്‍ ഹാര്‍ട്ട് അറ്റാക്കിന്റെ സൂചനയായി ഉണ്ടാകാം.അമിത ക്ഷീണമോ, തളര്‍ച്ചയോ തലക്കറക്കമോ അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ സൂചനയായിരിക്കാം.
*ശുഭദിനം*
*കവിത കണ്ണന്*
രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരാണ് തികച്ചും യാദൃശ്ചികമായി സൂപ്പര്‍ ഗ്ലൂ കണ്ടെത്തിയത്. യുദ്ധത്തിലേറ്റ മുറിവുകള്‍ ഒട്ടിച്ചു ചേര്‍ക്കാനുള്ള ഫസ്റ്റ് എയ്ഡ് ആയി അവരത് ഉപയോഗിച്ചിരുന്നു! ഇതായിരുന്നു സൂപ്പര്‍ ഗ്ലൂവുമായി ബന്ധപ്പെട്ട് ആദ്യകാലങ്ങളില്‍ പ്രചരിച്ച കഥ. സത്യത്തില്‍ ഇത് വെറും കെട്ടുകഥയാണ്. ഒരു കാര്യത്തില്‍ മാത്രം ഈ കഥയ്ക്ക് കെട്ടുകഥയുമായി ബന്ധമുണ്ട്. സൂപ്പര്‍ ഗ്ലൂ കണ്ടുപിടിച്ചത് രണ്ടാം ലോകമഹായുദ്ധകാലത്താണ്. സൂപ്പര്‍ ഗ്ലൂ എന്നത് വാസ്തവത്തില്‍ ബ്രാന്റ് നാമമാണ്. സയാനോഅക്രിലേറ്റ് എന്നാണ് ഇതില്‍ രാസനാമം. രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യസേനയിലെ സൈനികരുടെ തോക്കുകളില്‍ ഉന്നം നോക്കാനുള്ള സുതാര്യമായ പ്ലാസ്റ്റിക് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ അമേരിക്കന്‍ കെമിസ്റ്റായ ഡോ. ഹാരി കൂവറാണ് ഒരബദ്ധത്തില്‍ സയാനോഅക്രിലേറ്റ് കണ്ടെത്തിയത്. എന്നാല്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ഏതൊരു വസ്തുവുമായും ശക്തമായി ഒട്ടിപ്പിടിക്കുന്നതുമൂലം അദ്ദേഹം തന്റെ കണ്ടെത്തല്‍ ഉപേക്ഷിച്ചു. കാലം കടന്നുപോയി. ചൂടിനെ പ്രതിരോധിക്കുന്ന അക്രിലേറ്റ് പോളിമറുകള്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ക്കിടെ അദ്ദേഹം വീണ്ടും സയാനോഅക്രിലേറ്റ് കണ്ടെത്തി. പക്ഷേ ഇതിന്റെ സാധ്യത കണ്ടെത്തിയ കൊഡാക്ക് കമ്പനിയാണ് സൂപ്പര്‍ ഗ്ലൂ വിപണയിലെത്തിച്ചത്. ഒരിക്കല്‍ വേണ്ടെന്ന് വെച്ച അറിവായിരുന്നു പിന്നീട് ഉപകാരപ്രദമായ ഒരു കണ്ടെത്തലിന് കാണമായത്. ഇതുപോലെ ഒരറിവ് നമ്മുടെ മറവിയില്‍ നിന്നും ഉണര്‍ന്ന് നമ്മെ നയിക്കില്ല എന്ന് ആര്‍ക്കറിയാം. അതെ അറിവ് അതൊരിക്കലും പാഴാവില്ല - ശുഭദിനം.