പാലാ: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ കേരള രഞ്ജി ട്രോഫി താരം കെ.ജെ. രാകേഷിനെതിരെ (43) പാലാ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
തിരുവല്ല സ്വദേശിയായ ഇയാൾ നിലവിൽ എറണാകുളത്താണ് താമസം. രാകേഷിനെതിരെ മുൻപും പോക്സോ കേസുകൾ നിലവിലുള്ളതായി പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.പാലായിൽ ക്രിക്കറ്റ് കോച്ചിങ്ങിനായി എത്തിയ 17-കാരിയെയാണ് ഇയാൾ പല സ്ഥലങ്ങളിലായി കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്. ഇരയായ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലാ പോലീസ് ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മുൻ ജൂനിയർ സെലക്ടർ; ഒട്ടേറെ അക്കാദമികളിൽ പരിശീലകൻ.2006 മുതൽ 2013 വരെയുള്ള കാലയളവിൽ കേരളത്തിനായി ഫസ്റ്റ്-ക്ലാസ്, ലിസ്റ്റ് എ മത്സരങ്ങളിൽ കളിച്ച മികച്ചൊരു ഓൾറൗണ്ടറായിരുന്നു കെ.ജെ. രാകേഷ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ (KCA) ജൂനിയർ സെലക്ടറായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.