2026 നവംബര്‍ 23 | തിങ്കള്‍
1202 വൃശ്ചികം 7, ഭരണി
◾ സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സൗന്ദര്യവര്‍ധകവസ്തുക്കളും പ്രോട്ടീന്‍ പൊടികളും വില്‍ക്കുന്നത് തടയാന്‍ തീരുമാനിച്ച് ആരോഗ്യവകുപ്പ്. എല്ലാ ജില്ലകളിലും ഇത് സംബന്ധിച്ച് വ്യാപക പരിശോധന നടത്താന്‍ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദ്ദേശം നല്കി മന്ത്രി കെ മുരളീധരന്. ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കും. മുഖകാന്തി വര്‍ദ്ധിപ്പിക്കാനുള്ള ഫേസ്ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ കര്‍ശന ഇടപെടലുണ്ടാകുന്നത്.
◾ ഇറക്കുമതിനിരോധനമുണ്ടായിട്ടും പാകിസ്താന് നിര്‍മിത സൗന്ദര്യവര്‍ധക ക്രീമുകള്‍ സംസ്ഥാനത്തെ വിപണികളിലേക്ക് ഒഴുകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നവയാണിവയെല്ലാമെന്ന് ഡ്രഗ്സ് കണ്ട്രോള് വകുപ്പ് മുന്നറിയിപ്പുനല്‍കി. പാകിസ്താനില്‍നിന്ന് ദുബായില്‍ എത്തിച്ചശേഷമാണ് ഇവ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
◾ അമിതമായ അളവില്‍ മെര്‍ക്കുറി അടങ്ങിയ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്ന് താനും ഗുരുതരമായ വൃക്കരോഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി പ്രമുഖ മാപ്പിളപ്പാട്ട് ഗായകന് സലീം കോടത്തൂര്‍. അടുത്തിടെ 17-കാരിക്ക് വൃക്കരോഗം ബാധിക്കാന്‍ കാരണമായ മെംബ്രനസ് നെഫ്രോപ്പതി എന്ന അതേ രോഗാവസ്ഥയാണ് തനിക്കുമുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
◾ മുഖകാന്തി വര്‍ദ്ധിപ്പിക്കാനുള്ള ഫേസ്ക്രീമിലെ വിഷബാധമൂലം ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തില്‍ നിയമപോരാട്ടം ശക്തമാക്കുമെന്ന് ഇരയായ 17 കാരി. മലപ്പുറത്ത് മാധ്യമങ്ങളെ കണ്ട പെണ്‍കുട്ടി കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് വ്യക്തമാക്കി.
◾ മുഖകാന്തി കൂട്ടാനുള്ള ക്രീം ഉപയോഗിച്ച അരീക്കോട്ടെ പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴിയെടുത്തശേഷം അരീക്കോട് പോലീസാണ് കേസെടുത്തത്. ഓണ്‍ലൈന്‍ വഴി വാങ്ങിയ 'എഫ് ട്യൂണ്‍' ക്രീമിന്റെ സാംപിള്‍ പെണ്‍കുട്ടി പോലീസിനു കൈമാറി.
◾ ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ദേവസ്വം മന്ത്രി കെ.മുരളീധരന് എ.ഡി.ജി.പിയെ ചുമതലപ്പെടുത്തി. ബുക്കിംഗ് പരിധി വര്‍ദ്ധിപ്പിക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും നിലവില്‍ ബുക്കിംഗില്‍ പുതിയ നിയന്ത്രണങ്ങള്‍ ഇല്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. ഒപ്പം ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളും നല്കി.
◾ മദ്യപരായ പൊലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഐജി പി പ്രകാശിന്റെ സര്‍ക്കുലര്‍. നിലയ്ക്കലില്‍ തീര്‍ഥാടക വാഹനത്തിന്റെ ഡ്രൈവറെ മര്‍ദിച്ച സംഭവം സേനയ്ക്ക് നാണക്കേടുണ്ടാക്കി, ഭക്തര്‍ക്ക് സൗകര്യം ഒരുക്കലാണ് പൊലീസിന്റെ കടമയെന്നും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ ഐ ജി വ്യക്തമാക്കി.
◾ പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് കര്‍ശന നിരോധനം. പമ്പയില്‍ വസ്ത്രം ഉപേക്ഷിച്ചാല്‍ 5000 രൂപ വരെ പിഴ. പിഴ അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന് നടപടി. ശബരിമല എഡിഎം ആണ് ഉത്തരവ് പുറത്തിറക്കിയത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വസ്ത്രം ഉപേക്ഷിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടി.
◾ ഒരു ധാരണയുമില്ലാത്ത എംഎല്‍എയെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കിയതിന്റെ ദുരന്തമാണ് കാലടി സര്‍വകലാശാല ഇന്ന് നേരിടുന്നതെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്. വിസിക്ക് ആര്‍എസ്എസ് പിന്തുണയാണുള്ളതെന്നും ഈ വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ മുഖ്യമന്ത്രി വി ഡി സതീശനെതിരെ പാര്‍ട്ടിക്കുള്ളിലെ പോര് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നില്‍. പാര്‍ട്ടിയിലും സര്‍ക്കാരിലും കടുത്ത അവഗണന നേരിടുന്നുവെന്നും നിലവിലെ രീതിയിലുള്ള പോക്ക് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി എ ഗ്രൂപ്പ് നേതാക്കളായ ബെന്നി ബെഹനാന്, കെ.സി. ജോസഫ്, ഷാഫി പറമ്പില്‍ എന്നിവരാണ് ദില്ലിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്?ഗെയെ നേരില്‍ കണ്ടത്.
◾ കെപിസിസി പുനസംഘടന നടക്കാതെ കേരളത്തിലെ പ്രശ്നങ്ങള്‍ തീരില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. പരാതി കൊടുക്കാന്‍ ആര്‍ക്കും അവകാശമുണ്ട്, എന്നാല്‍ ഗ്രൂപ്പ് പ്രവര്‍ത്തനം വിഭാഗീയതയാണ്. തനിക്കും കുറേ പരാതിയും പരിഭവങ്ങളും ഉണ്ട്, കടിച്ചമര്‍ത്തി നില്‍ക്കുകയാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പ്രതികരിച്ചു.
◾ മുസ്ലിംലീഗിനെ ചത്ത കുതിര എന്നാണ് നെഹ്റു വിശേഷിപ്പിച്ചതെന്നും എന്നാല്‍ മുസ്ലീംലീഗ് ഇന്ന് ലീഗ് ചത്തുചീഞ്ഞ കുതിരയായെന്നും സി.പി.എം. സംസ്ഥാനസെക്രട്ടേറിയറ്റംഗം പി. ജയരാജന്. വയനാട്ടില്‍ കോണ്‍ഗ്രസിനുവേണ്ടി പച്ചക്കൊടി താഴ്ത്തിപ്പിടിച്ച ലീഗിന് സര്‍വത്ര അവഗണനയാണെന്നും ചലോ ഡല്‍ഹി മാര്‍ച്ചില്‍ സംസാരിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ് കുഞ്ഞാലിക്കുട്ടിയെ പൂച്ചക്കുട്ടിയാക്കിയെന്നും ജയരാജന് പറഞ്ഞു.
◾ കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വി.ഡി. സതീശന് ആര്.എസ്.എസിന് അപ്പം പങ്കുവെക്കുന്നുവെന്നും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്. പത്തുവര്‍ഷം ആര്.എസ്.എസിനോടും ബി.ജെ.പി.യോടും പടവെട്ടിയാണ് കേരളത്തില്‍ എല്‍.ഡി.എഫ്. ഭരിച്ചതെന്നും എന്നാല്‍ ഇടതുപക്ഷത്തെ തകര്‍ക്കുന്നതിനുവേണ്ടി വര്‍ഗീയത ഉപയോഗിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
◾ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ചട്ടങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചെഴുതുന്നു. കെഎഎസിന്റെ ചട്ടങ്ങളില്‍ ഭേദഗതിവരുത്താനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി കരട് വിജ്ഞാപനം പുറത്തിറക്കി.
◾ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് കണ്ണൂര്‍ സെക്ഷന്‍ സബ് എന്‍ജിനീയര്‍ പി.വി. സതീഷ് ബാബുവിനെ സസ്പെന്‍ഡ് ചെയ്ത ഉത്തരവ് പിന്‍വലിച്ച് ജീവനക്കാരുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ജീവനക്കാരുടെ സംഘടനയായ കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. കത്തുന്ന എ.ബി സ്വിച്ചില്‍ സുരക്ഷിതമായി അറ്റകുറ്റപ്പണി നടത്തി വലിയൊരു അപകടം ഒഴിവാക്കാനാണ് സബ് എന്‍ജിനീയര്‍ ശ്രമിച്ചതെന്ന് വര്‍ക്കേഴ്സ് അസോസിയേഷന് വ്യക്തമാക്കി.
◾ കേരളത്തില്‍ വില്‍ക്കുന്ന പെട്രോളിലെ എഥനോള്‍ അളവ് കണ്ടെത്താനുള്ള പരിശോധനയില്‍ അനിശ്ചിതത്വം. കലര്‍പ്പില്ലാത്ത പെട്രോള്‍ താരതമ്യ പഠനത്തിന് നല്‍കാതെ എണ്ണ കമ്പനികള്‍ നിസ്സഹകരിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ശുദ്ധമായ പെട്രോള്‍ നല്കാന് ചട്ടമില്ലെന്നാണ് കമ്പനികളുടെ വാദം.
◾ മലങ്കര യാക്കോബായ സഭ പരമാധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ സന്ദര്‍ശനത്തിന്റെ നല്ല വശങ്ങളാണ് താന്‍ കാണുന്നതെന്നും, സന്ദര്‍ശനത്തോടെ രണ്ടു സഭകളും ചര്‍ച്ചയ്ക്ക് തയ്യാറായി എന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ. അക്കാര്യത്തില്‍ താന്‍ മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞുവെന്നും എല്ലാം സമാധാനത്തോടെ അവസാനിക്കുമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. സിബിഐ അന്വേഷണത്തിന് വിടാന്‍ തടസ്സങ്ങളെന്നാണ് ഡിജിപിയും എജിയും സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്. ഉചിതം പുതിയ എസ്ഐടി ആണെന്നും നിയമോപദേശത്തില്‍ പറയുന്നു.
◾ മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന പേരില്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു ഷറഫലിയുടെ സ്പോര്‍ട്സ് അക്കാദമിക്ക് സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയില്‍ നിന്ന് രണ്ട് കോടി രൂപ ലഭിച്ചതായി കണ്ടെത്തല്‍. ആര്‍ബിസിയുടെ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് രേഖകള്‍ ലഭിച്ചത്.
◾ ബിജെപിയില്‍ നിന്ന് രാജിവെച്ച പത്മജാ വേണുഗോപാലിന്റെ മടക്കത്തില്‍ എഐസിസി നിലപാട് തേടി തീരുമാനമെടുക്കാന്‍ കെപിസിസി. ഹൃദയത്തിന്റെ ഭാഷയിലെ ക്ഷമാപണം മതിയെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷന്‍ അടക്കം ഒരു വിഭാഗം നേതാക്കള്‍.
◾ ബാങ്കില്‍നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങിയ യുവാവിനെ പട്ടാപ്പകല്‍ ആക്രമിച്ച് 9.95 ലക്ഷം രൂപ കവര്‍ന്ന കേസില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റിലായി. നവംബര്‍ 16ന് രാവിലെ 11.45ഓടെയാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡിലെ ബാങ്ക് ഓഫ് ബറോഡയില്‍നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങിയ അമരമ്പലം സൗത്ത് കിഴക്കേ പാലാമഠം സ്വദേശി കൂമ്മാളി ഫിറോസിനെയാണ് സംഘം ആക്രമിച്ച് പണം കവര്‍ന്നത്.
◾ തിരുവനന്തപുരം എഴുത്തുകാരിയും സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകയും വയോജന കമ്മീഷന് അംഗവുമായ ഇ എം രാധ അന്തരിച്ചു. മുന്‍ മുഖ്യമന്ത്രി ഇ എം എസിന്റെ മകളാണ്. എഴുപത് വയസായിരുന്നു. അര്‍ബുദരോ?ഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
◾ കൊല്ലം പത്തനാപുരം പട്ടാഴിയില്‍ കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് മകളുടെ കണ്മുന്നില് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. പന്തപ്ലാവ് ക്രിസ്റ്റി ഭവനില്‍ ബിനു(48)വാണ് ഭാര്യ ക്രിസ്റ്റി(38)യെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഇന്നലെ വൈകീട്ടാണ്നാടിനെ നടുക്കിയ സംഭവം.
◾ ആലപ്പുഴയിലെ പൂച്ചാക്കലില്‍ 11 കിലോ കഞ്ചാവുമായി അഞ്ചുപേര്‍ പിടിയിലായി. പ്രതികളിലൊരാളായ പൂച്ചാക്കല്‍ സ്വദേശി ഷമീര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. അലി ജൗഹര്‍, സഹാഹുദ്ദീന്‍, കൃഷ്ണകുമാര്‍, മുഹമ്മദ് അസ്ലം എന്നിവരാണ് മറ്റ് പ്രതികള്‍.
◾ ജനപ്രവാഹം കൊണ്ട് ശ്രദ്ധേയമായ കോഴിക്കോട് കാരന്തൂരിലെ ഹരഹര മഹാദേവക്ഷേത്രത്തില്‍ വീണ്ടും വിവാഹ രജിസ്ട്രേഷന് ക്യാമ്പ് നടത്തി. വിവാഹ രജിഷ്റേഷന് വേണ്ടി നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തില്‍ ഇത്തവണയെത്തിയത്. ആയിരം പേരെ പ്രതീക്ഷിച്ച് കഴിഞ്ഞ മാസം ക്ഷേത്രത്തില്‍ നടത്തിയ വിവാഹ രജിസ്ട്രേഷന് ക്യാമ്പില്‍ 7000ത്തോളം പേരാണ് പങ്കെടുത്തത്.
◾ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ മുസിരിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മരത്തിലിടിച്ച് എട്ട് പേര് മരിച്ചു. നാമക്കല്‍ ജില്ലയില്‍ ഒരു കുടുംബചടങ്ങില്‍ പങ്കെടുത്ത ശേഷം പത്തോളം പേര് കാറില്‍ മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചതെന്ന് പൊലീസ് അറിയിച്ചു.
◾ മണിപ്പൂര്‍ വ്യാജമദ്യ ദുരന്തത്തില്‍ മരണം 18 ആയി ഉയര്‍ന്നു. മെഥനോള്‍ വിഷബാധയേറ്റതായി സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 600 കടന്നെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആയിരത്തോളം ആളുകള്‍ നാല് ജില്ലകളിലായി ചികിത്സ തേടിയിട്ടുണ്ട്.
◾ ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയ്ക്കെതിരെ സമരം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ്. മെറ്റയുടെ പ്ലാറ്റ്ഫോമുകളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനെതിരായാണ് പ്രതിഷേധം.
◾ രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നാലാം തവണയും മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന സൂചന നല്കി അശോക് ഗെലോട്ട്. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ പദവി ഏറ്റെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സച്ചിന് പൈലറ്റിനുള്ള വ്യക്തമായ സന്ദേശമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
◾ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പരിഷ്കരണത്തിനായി ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് ഫോം-7 നല്‍കേണ്ടെന്ന് തീരുമാനം. എസ്ഐആറില്‍ വോട്ടുകള്‍ നീക്കാന്‍ വ്യാപകമായി ഫോം-7 നല്‍കിയത് വലിയ വിവാദമായതിന് പിന്നാലെയാണ് തീരുമാനം. അര്‍ഹതയുണ്ടായിട്ടും പട്ടികയില്‍ നിന്ന് പുറത്തായവരെ തിരികെ ചേര്‍ക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബിജെപി നേതൃത്വത്തിന്റെ നിര്‍ദ്ദേശം.
◾ സ്വര്‍ണവില ഇടിവില്‍ സ്വര്‍ണവ്യാപാരികളെയും നിക്ഷേപകരെയും സംരക്ഷിച്ചത് പ്രധാനമന്ത്രിയുടെ ദീര്ഘവീക്ഷണമെന്ന് ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി. സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കണമെന്ന ഉപദേശത്തിന് നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച കത്തിലാണ് അവര്‍ ഇക്കാര്യം ചൂണ്ടികാട്ടിയത്.
◾ രാഹുല്‍ വിദേശത്ത് പോകുന്നത് രാജ്യത്തെ അപമാനിക്കാന്‍ മാത്രമാണെന്നും, രാജ്യത്തിന്റെ ഇപ്പോഴുള്ള വികസനം കണ്ട് നിരാശരായവരാണ് അവരെന്നും ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍. സ്വന്തം കുടുംബത്തിന്റെ വികസനത്തെ കുറിച്ച് മാത്രം ചിന്തയുള്ളവര്‍ക്കാണ് പ്രശ്നമെന്നും രാജ്യത്ത് കോണ്‍ഗ്രസിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും നിതിന്‍ നവീന്‍ പറഞ്ഞു.
◾ ഇസ്രയേലുമായുള്ള ബന്ധത്തില്‍ കോണ്‍ഗ്രസ് നിലപാടില്‍ ഭിന്നത. ഇസ്രയേലുമായി ശക്തമായ തന്ത്രപ്രധാന ബന്ധം വേണമെന്നും സൈന്യത്തിനായി മികച്ച ആയുധങ്ങള്‍ വാങ്ങുന്നതടക്കം ഇന്ത്യയുടെ ദേശീയ താല്പര്യങ്ങള് മുന്‍നിര്‍ത്തിയാകണം വിദേശനയമെന്നും രാഹുല്‍ ഗാന്ധി. എന്നാല്‍ മോദി സര്‍ക്കാരിന്റെ ഇസ്രയേല്‍ അനുകൂല നിലപാടിന് സമാനമാണ് രാഹുലിന്റെ പ്രസ്താവനയെന്നും സിപിഎം വിമര്‍ശിച്ചു. അതേസമയം ഹമാസിന്റെ ഒക്ടോബര്‍ ഏഴ് ആക്രമണത്തെയും ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികളെയും ഒരുപോലെ അപലപിച്ച രാഹുല്‍, ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഇന്ത്യ മൗനം പാലിക്കരുതെന്നും വ്യക്തമാക്കി.
◾ പാകിസ്ഥാന് മന്ത്രി മുസാദിഖ് മസൂദ് മാലിക്കിന് താജ്മഹലും മറ്റ് പൈതൃക കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്കി. എന്നാല്‍ ദില്ലിയിലെ നിസാമുദ്ദീന്‍ ദര്‍ഗ സന്ദര്‍ശിക്കാനുള്ള അപേക്ഷ സുരക്ഷാ കാരണങ്ങളാല്‍ നിരസിച്ചു.
◾ ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന് ഷാ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഇന്നത്തെ കൂടിക്കാഴ്ചയില്‍ വ്യാപാരം, ഊര്‍ജ സഹകരണം, അതിര്‍ത്തി തര്‍ക്കം, അടിസ്ഥാനസൗകര്യ വികസനം എന്നിവ ചര്‍ച്ചയാകും.
◾ പാകിസ്താന് ചൈന നല്കുന്ന സൈനിക പിന്തുണ ഇന്ത്യയുടെ സുരക്ഷാ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതായി യു.എസ് - ചൈന സാമ്പത്തിക, സുരക്ഷാ അവലോകന കമ്മീഷന്റെ റിപ്പോര്‍ട്ട്. ഇന്ത്യയെ സമ്മര്‍ദത്തിലാക്കാന്‍ ചൈന സൈനിക, സാമ്പത്തിക, സമുദ്രസുരക്ഷ തുടങ്ങി വിവിധ മേഖലകളില്‍ നീക്കങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടിലെ പ്രധാന വിലയിരുത്തല്‍.
◾ ബഹ്റൈന്‍ നേരെയുണ്ടായ ഇറാന് ആക്രമണത്തെ യുഎഇയും സൗദി അറേബ്യയും ശക്തമായി അപലപിച്ചു. ബഹ്റൈനിലെ വ്യവസായ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ ഒരു ബഹ്റൈന്‍ പൗരനും ഒരു പാകിസ്ഥാന് സ്വദേശിക്കും പരിക്കേറ്റു.
◾ ഇന്ത്യ തെളിവ് നല്കിയാല് ഭീകരവാദത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പാക് മന്ത്രി മുസാദിക് മസൂദ് മാലിക് ദില്ലിയില്‍ വ്യക്തമാക്കി. പരസ്പര പ്രകോപനത്തിന് പകരം ഇരു രാജ്യങ്ങളും തമ്മില്‍ ശാശ്വത പരിഹാരമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
◾ അമേരിക്ക-ഉത്തരകൊറിയ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ശ്രമങ്ങളോട് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പ്രതികരിച്ചില്ലെന്ന് റിപ്പോര്‍ട്ട്. വാള് സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അമേരിക്കയുമായി ചര്‍ച്ചകള്‍ക്ക് താല്പര്യം കാണിക്കാതെ ഉത്തരകൊറിയ ആണവായുധ ശേഷി വര്‍ധിപ്പിക്കുന്ന നടപടികള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ജയം. കേരളം ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പോണ്ടിച്ചേരിയുടെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സില്‍ അവസാനിച്ചു.
◾ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് മത്സരത്തില്‍ ഇന്ത്യ എയെ 48 റണ്‍സിന് തോല്‍പ്പിച്ച് പാകിസ്താന് എ. പാകിസ്ഥാന് എ ഉയര്‍ത്തിയ 314 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്കായി ക്യാപ്റ്റന്‍ തിലക് വര്‍മ സെഞ്ചുറിയുമായി പോരാടിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.49.1 ഓവറില്‍ 265 റണ്‍സെടുക്കാനെ ഇന്ത്യ എയ്ക്ക് കഴിഞ്ഞുള്ളു.
◾ സ്വര്‍ണവില കുത്തനെ കുറഞ്ഞതോടെ സംസ്ഥാനത്തെ ബാങ്കുകളില്‍ സ്വര്‍ണം പണയം വെച്ചവരും നെട്ടോട്ടത്തില്‍. സ്വര്‍ണത്തിന്റെ മൂല്യം കുറഞ്ഞതോടെ ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം പണയം വെച്ചവര്‍ക്കാണ് ബാങ്കുകളില്‍ നിന്ന് മെസ്സേജുകളും കത്തും കിട്ടുന്നത്. വായ്പാ പരിധി കവിഞ്ഞതോടെ അധിക തുകയോ കൂടുതല്‍ സ്വര്‍ണമോ പണയത്തിലേക്ക് നല്‍കണമെന്നാണ് ആവശ്യം.
◾ ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ 6 (ജിടിഎ 6) ഗെയിമിന്റെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി വാട്സ്ആപ്പിന്റെ പുതിയ രൂപമാറ്റം. ഗെയിമിലെ സാങ്കല്‍പ്പിക മെസേജിങ് ആപ്പായ 'വാട്ട്അപ്പ്' (വാട്ട്സ്അപ്പ്) മാതൃകയിലാണ് വാട്സ്ആപ്പ് തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടില്‍ താല്‍ക്കാലിക മാറ്റം വരുത്തിയത്. ഇതിന് പിന്നാലെ രസകരമായ പ്രതികരണവുമായി ക്രെഡ് സ്ഥാപകന്‍ കുനാല്‍ ഷായും രംഗത്തെത്തി. വാട്സ്ആപ്പിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു കുനാല്‍ ഷായുടെ പോസ്റ്റ്. 'വാട്സ്അപ്പ്?' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ജിടിഎ 6 പ്രമേയമാക്കിയുള്ള വാട്സ്ആപ്പിന്റെ പുതിയ രൂപമാറ്റത്തിന് പിന്നാലെയാണ് ഈ പ്രതികരണം.
◾ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) മോഡലുകള്‍ പരസ്പരം ആശയവിനിമയം നടത്താന്‍ സ്വന്തമായി ഭാഷ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മുന്നറിയിപ്പ്. മനുഷ്യര്‍ക്ക് പോലും മനസ്സിലാക്കാന്‍ കഴിയാത്ത രീതിയിലുള്ള ഭാഷാ സംവിധാനങ്ങളാണ് എഐ ഏജന്റുകള്‍ രൂപപ്പെടുത്തുന്നതെന്നാണ് കണ്ടെത്തല്‍. എഐ സാങ്കേതികവിദ്യയുടെ ഭാവിയെക്കുറിച്ച് പുതിയ ആശങ്കകള്‍ ഉയര്‍ത്തുന്നതാണ് ഈ മുന്നറിയിപ്പ്. 'എഐയുടെ ഗോഡ്ഫാദര്' എന്നറിയപ്പെടുന്ന പ്രമുഖ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന് ജെഫ്രി ഹിന്റണാണ് ഇക്കാര്യം വ്യക്തമാക്കിയത്.
◾ 2026 ഒക്ടോബറില്‍ ഇന്ത്യയിലെ ഇരുചക്ര വാഹന റീട്ടെയില്‍ വിപണി ഒരു വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചു. ഗാഡിവാഡി റിപ്പോര്‍ട്ട് അനുസരിച്ച്, ഹീറോ മോട്ടോകോര്‍പ്പ്, ബജാജ് ഓട്ടോ, ടിവിഎസ് എന്നിവയെ മറികടന്ന് ഹോണ്ട ഒന്നാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹീറോ വില്‍പ്പനയില്‍ മുന്നിലായിരുന്നു, എന്നാല്‍ ഇത്തവണ 39,197 യൂണിറ്റുകളുടെ വളര്‍ച്ചയോടെ ഹോണ്ട അതിനെ മറികടന്നു. എന്നിരുന്നാലും, മൊത്തത്തിലുള്ള ഇരുചക്ര വാഹന വിപണിയില്‍ വര്‍ഷം തോറും 28.35% ഇടിവ് രേഖപ്പെടുത്തി, മൊത്തം രജിസ്ട്രേഷനുകള്‍ 32,39,949 യൂണിറ്റുകളില്‍ നിന്ന് 23,21,419 യൂണിറ്റുകളായി കുറഞ്ഞു.
◾ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന പത്താമത്തെ ചിത്രമാണ് സന്ദീപ് പ്രദീപ് നായകനായി എത്തുന്ന കോസ്മിക് സാംസണ്. ജോണ്‍ ലൂതര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിജിത് ജോസഫ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നംവബര്‍ 27 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്.
◾ യുവത്വത്തിന്റെ നിറങ്ങളും സോഷ്യല്‍ മീഡിയ തലമുറയുടെ സ്വാധീനവും ഒരുമിക്കുന്ന പുതിയ മലയാള ചിത്രം 'പ്രേംപാറ്റ' റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങിയിരിക്കുകയാണ്. ജോമോന് ജ്യോതിര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. കൂടാതെ മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരും സിനിമയുടെ ഭാഗമാകുന്നതാണ് മറ്റൊരു പ്രത്യേകത.
◾ നല്ല ദഹനാരോഗ്യം നിലനിര്‍ത്തുക എന്നത് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഭക്ഷണം കഴിച്ചതിനുശേഷം നടക്കുക, ഭക്ഷണത്തില്‍ ആവശ്യത്തിന് നാരുകള്‍ ഉള്‍പ്പെടുത്തുക, പതിവായി വ്യായാമം ചെയ്യുക, നല്ല ഉറക്കം ലഭിക്കുക, കൃത്യസമയത്ത് ഭക്ഷണം കഴിക്കുക തുടങ്ങിയ ദൈനംദിന ശീലങ്ങള്‍ കുടലിന്റെയും ഉപാപചയ പ്രവര്‍ത്തനങ്ങളുടെയും ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും.ജീവിതശൈലിയിലുള്ള ഈ മാറ്റങ്ങള്‍ ദഹനപ്രക്രിയ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കല്‍, കരളിന്റെ ആരോഗ്യം, മൊത്തത്തിലുള്ള ക്ഷേമം എന്നിവയ്ക്ക് ഗുണകരമാകുമെന്ന് വിദ?ഗ്ധര്‍ പറയുന്നു. ദിവസവും നല്ല ഉറക്കം കിട്ടാനും ?ദഹനാരോ?ഗ്യം മെച്ചപ്പെടുത്താനും ചെയ്യേണ്ട ശീലങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
◾ ശരീരം ഭക്ഷണത്തെ വിഘടിപ്പിക്കുകയും, അതിലെ പോഷകങ്ങളെ ആഗിരണം ചെയ്ത് ഊര്‍ജ്ജമാക്കി മാറ്റുകയും ചെയ്യുന്ന പ്രക്രിയയാണ് ദഹനം. ഈ പ്രക്രിയ സുഗമമായി നടക്കുമ്പോള്‍, നമ്മള് പലപ്പോഴും അത് ശ്രദ്ധിക്കാറില്ല. എന്നാല്‍, ദഹനപ്രക്രിയ മന്ദഗതിയിലാവുകയോ, ക്രമരഹിതമാവുകയോ, അല്ലെങ്കില്‍ കുടലിന്റെ ഭാഗം അമിതമായി സംവേദനക്ഷമമാവുകയോ ചെയ്യുമ്പോള്‍, അത് ശാരീരിക അസ്വസ്ഥതകളായി പ്രകടമാകുന്നു.ജീരകം, അയമോദകം, പെരുംജീരകം എന്നിവ എടുക്കുക. ഇവ നന്നായി ചതച്ച് പൊടിച്ചെടുക്കുക. ശേഷം ഒരു ?ഗ്ലാസ് വെള്ളത്തിലേക്ക് ചേര്‍ക്കുക. ശേഷം നന്നായി തിളപ്പിക്കുക. ശേഷം ഈ പാനീയം അരിച്ചെടുത്ത്, ചൂടോടെയോ ഇളം ചൂടോടെയോ കുടിക്കുക. വെറും വയറ്റില്‍ കുടിക്കുന്നതാണ് ഏറെ ?ഗുണകരം.
*ശുഭദിനം*
*കവിത കണ്ണന്*
ശില്പകല പഠിച്ചിരുന്ന ഒരു യുവാവ് താനുണ്ടാക്കിയ ഒരു ശില്പം ആരും കാണാതെ പൊതിഞ്ഞ് സൂക്ഷിച്ചുവെച്ചു. ഒരിക്കല്‍ മുറി വൃത്തിയാക്കുന്നതിനിടയില്‍ ഈ പൊതി അവന്റെ അമ്മയുടെ കണ്ണില്‍പെട്ടു. ഈ പൊതി എന്താണെന്ന് അമ്മ ചോദിച്ചപ്പോള്‍, അതൊരു ശില്പമാണെന്നും, ആ ശില്പം അമ്മ കാണുന്നത് ശരിയല്ലാത്തതുകൊണ്ടാണ് അത് മറച്ചുവെച്ചത് എന്നും അവന് പറഞ്ഞു. അപ്പോള്‍ അമ്മചോദിച്ചു. 'അമ്മ കണ്ടാല്‍ ശരിയല്ലാത്ത കാര്യങ്ങള്‍ നീ എന്തിനാണ് ചെയ്യുന്നത്? ' മറുപടിയില്ലാതെ അവന്റെ തല കുനിഞ്ഞു. ആരും കാണാത്തപ്പോള്‍ ഒരാള്‍ എന്താണോ, അതാണ് സത്യത്തില്‍ അയാള്‍. മറ്റുള്ളവരുടെ അംഗീകാരം ലഭിക്കും എന്ന് ഉറപ്പുള്ളത് മാത്രമാണ് പുറമെ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. മറ്റ് ചേഷ്ടകളെല്ലാം അതിനിഗൂഢമായി ഒളിപ്പിച്ചു വെയ്ക്കപ്പെടുന്നു. ഇരുട്ടിലും വെളിച്ചത്തിലും 'ഒരാളാകാന്‍ ' കഴിയുമ്പോഴാണ് മറ്റുള്ളവര്‍ക്കുകൂടി പ്രകാശം പരത്തുന്ന വ്യക്തിത്വമായി മാറാന്‍ കഴിയുന്നത്. ഇരുട്ടിലും വെളിച്ചത്തിലും 'ഒരാളാകാന്‍ ' നമുക്കും കഴിയട്ടെ- ശുഭദിനം.
https://chat.whatsapp.com/FCEmSJSdR9k0QlUhiIZisN?s=cl&p=i&mlu=4&ilr=4&iam=2