കരിങ്കുന്നം : ഹരിത കർമ്മ സേനാംഗങ്ങൾക്കെതിരെ കരിങ്കുന്നം പഞ്ചായത്തിൽ തുടർച്ചയായുണ്ടാകുന്ന അവഹേളനങ്ങളും അതിക്രമങ്ങളും അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് ഹരിത കർമ്മ സേനാ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സേനാംഗങ്ങളുടെ സുരക്ഷാ ഉറപ്പാക്കുന്നതിനും തൊഴിൽ പരമായ അന്തസ്സ് നിലനിർത്തുന്നതിനായി കരിങ്കുന്നത്ത് സംരക്ഷണ സമിതി രൂപീകരിച്ചു. അടുത്തിടെ കരിങ്കുന്നത്തെ ഒരു യൂട്യൂബർ സേനാംഗങ്ങളെ മനഃപൂർവ്വം അപകീർത്തിപ്പെടുത്തുകയും, മറ്റൊരു സംഭവത്തിൽ സ്വകാര്യ വ്യക്തി സേനാംഗത്തെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരം പ്രവണതകൾക്കെതിരെ പൊതു സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാനും നിയമ നടപടികൾ ഏകോപിപ്പിക്കാനുമാണ് സമിതി ലക്ഷ്യമിടുന്നത്.
കോസ്മോപോളിറ്റൻ പബ്ലിക് ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ സമിതി പ്രസിഡന്റായി ഉഷ വിജയനെയും, സെക്രട്ടറിയായി ഷീജ എം എസിനെയും തെരെഞ്ഞെടുത്തു. പഞ്ചായത്ത് അംഗം കെ ജി ദിനകർ, സി ഡി എസ് അംഗം സോമോൾ സി എസ് എന്നിവർ രക്ഷാധികാരികൾ ആണ്. യോഗത്തിൽ ജില്ലാ ലൈബ്രറി കൌൺസിൽ എക്സിക്യൂട്ടീവ് അംഗം കെ പി ഹരിദാസ്, മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം കെ പി സുലോചന എന്നിവർ പങ്കെടുത്തു.