2026 | നവംബര്‍ 28 | ശനി
1202 | വൃശ്ചികം 12, പുണര്‍തം
◾ മണ്ഡല പുനര്‍നിര്‍ണയ ബില്ലിലും വനിതാ പ്രാതിനിധ്യ ബില്ലിലും നിര്‍ണായക ഭേദഗതികള്‍ വരുത്തി കേന്ദ്രമന്ത്രിസഭ. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ലോക്സഭ സീറ്റുകളുടെ എണ്ണം 50 ശതമാനം കൂട്ടാനാണ് ബില്ലിലെ വ്യവസ്ഥ. ഒടുവില്‍ പ്രസിദ്ധീകരിച്ച സെന്‍സസ് പ്രകാരമാകും മണ്ഡല പുനര്‍നിര്‍ണയം നടത്തുക. വനിത സംവരണ സീറ്റുകള്‍ നിശ്ചയിക്കുന്നത് റൊട്ടേഷന്‍ വ്യവസ്ഥയിലാകും. ബില്ലുകള്‍ പാസാക്കാനുള്ള വോട്ടുകള്‍ ഉറപ്പെന്ന് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭൂരിഭാഗം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടതുപോലെ എല്ലാ സംസ്ഥാനങ്ങളിലേയും ലോക്സഭാ സീറ്റുകളുടെ എണ്ണം ഒരേപോലെ, അമ്പത് ശതമാനം വര്ധിപ്പിക്കിക്കാനുള്ള തീരുമാനം ബില്ലില്‍ ഉള്‍പ്പെടുത്തിയതിലൂടെ ഇരുസഭകളിലും ബില്ലുകള്‍ പാസാക്കിയെടുക്കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ ഉന്നമിടുന്നത്.
◾ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജി നിയമനങ്ങളില്‍ ഒരു പ്രത്യേക സമുദായത്തിന് അമിത പരിഗണന നല്‍കുന്നതിലൂടെ പട്ടികവിഭാഗങ്ങള്‍, ഒബിസി, ന്യൂനപക്ഷം, സ്ത്രീകള്‍ തുടങ്ങിയ വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറയുന്നുവെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ബി.ആര്.ഗവായ്. ഈ ഗുരുതര ആരോപണം ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഗവായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചു. അഞ്ചു ശതമാനത്തില്‍ താഴെയുള്ള ഒരു സമുദായത്തിന് സമീപകാലത്ത് സുപ്രീംകോടതിയില്‍ 40 ശതമാനത്തിലേറെ പ്രാതിനിധ്യം ലഭിച്ചുവെന്നാണു ജസ്റ്റിസ് ഗവായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം ജനസംഖ്യയില്‍ 40-50 ശതമാനത്തോളം വരുമെന്ന് കണക്കാക്കുന്ന ഒബിസി വിഭാഗത്തിന് 14 ശതമാനത്തില്‍ താഴെ മാത്രമാണു പ്രാതിനിധ്യമെന്നും കത്തില്‍ പറയുന്നു.
◾ ബാറുകളില്‍ നിന്ന് മദ്യം വാങ്ങുന്നതിന് 23 വയസ് പ്രായപരിധി കര്‍ശനമാക്കുമെന്നും മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാന്‍ നടപടി വേണമെന്നും എക്സൈസ് മന്ത്രി എം ലിജു. ബാറില്‍ കയറി മദ്യപിക്കുന്നവര്‍ക്ക് മാത്രം അല്ല, ബാറില്‍ മദ്യം നല്‍കുന്നതിനും ഉത്തരവാദിത്തം ഉറപ്പാക്കണം. ആളുകള്‍ക്ക് നല്കുന്ന മദ്യത്തിന്റെ അളവില്‍ നിയന്ത്രണം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
◾ രാത്രികാലങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീകള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കാനുള്ള നിയമത്തില്‍ കര്‍ശന വ്യവസ്ഥകളൊരുക്കാന് സംസ്ഥാന സര്‍ക്കാര്‍. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് ഭേദഗതി ബില്ലിലാണ് വ്യവസ്ഥ. മന്ത്രി ബിന്ദുകൃഷ്ണയാണ് ബില്‍ അവതരിപ്പിക്കുക. ജീവനക്കാരുടെ രേഖാമൂലമുള്ള സമ്മതം വാങ്ങുകയും അന്തസും അഭിമാനവും സുരക്ഷയും ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണവും ഉറപ്പാക്കുകയും ചെയ്തശേഷമേ രാത്രി ഡ്യൂട്ടിക്ക് നിയോഗിക്കാവൂ. സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍, രാത്രി ഒമ്പതിനും രാവിലെ ആറിനുമിടയില്‍ വനിതകളെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് സര്‍ക്കാരിനു നിരോധിക്കാം. സ്ത്രീകളുടെ ആരോഗ്യത്തിനു അപകടമാണെന്ന് ബോദ്ധ്യമായാലും തടയാം
◾ അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനത്തിന്റെ പേരില്‍ കലൂര്‍ സ്റ്റേഡിയം അറ്റകുറ്റപ്പണികള്‍ക്കായി സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കായികവകുപ്പും ജിസിഡിഎയും ചേര്‍ന്നു കൈമാറിയതിനു തൊട്ടുപിന്നാലെ ഇതേ പ്രവൃത്തിയുടെ പേരില്‍ 10 കോടി രൂപ ആവശ്യപ്പെട്ട് അന്നത്തെ കായികമന്ത്രി വി.അബ്ദുറഹിമാന് ധനമന്ത്രി കെ.എന്‍.ബാലഗോപാലിനു കത്തയച്ചെന്ന് രേഖകള്‍. എന്നാല്‍ കായികവകുപ്പിന്റെ അക്കൗണ്ടിലേക്ക് തുക അനുവദിച്ച് ധനമന്ത്രി ഫയലില്‍ ഒപ്പുവച്ചെങ്കിലും പിന്നാലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നതിനാല്‍ ഫണ്ട് കൈമാറ്റം നടന്നില്ല. അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനത്തില്‍ സംസ്ഥാനത്തിന് ഒരു രൂപയുടെ സാമ്പത്തിക ബാധ്യതയുമില്ലെന്ന മുന്‍ സര്‍ക്കാരിന്റെ വാദം തള്ളുന്നതാണു പുതിയ കണ്ടെത്തല്‍.
◾ കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമാവുന്നതിനിടെ പാലക്കാട് ഷാഫി പറമ്പില്‍ എംപിയെ പരിഹസിച്ച് ഫ്ലക്സ് ബോര്‍ഡുകള്‍. ഉമ്മന്‍ചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ ഷാഫിയെന്നാണ് ഫ്ലക്സിലുള്ളത്. പാലക്കാട് കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് സമീപത്താണ് ഫ്ലക്സുകള്‍ ഉയര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസ് കൂട്ടായ്മയുടെ പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്.
◾ സംസ്ഥാന കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡിന്റെ അടിയന്തര ഇടപെടല്‍ തേടി വൈദ്യുതി മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ്. സംസ്ഥാന കോണ്‍ഗ്രസിലെ സാഹചര്യം അതീവ ഗുരുതരമെന്ന് സണ്ണി ജോസഫ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇരുവിഭാഗങ്ങളുടെയും പരാതി സണ്ണി ജോസഫ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ധരിപ്പിച്ചു.
◾ രാഷ്ട്രീയം പകപോക്കാനുള്ള ഇടമല്ലെന്നും പരസ്പരം സഹായിക്കാനുള്ള വേദിയാണെന്നും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ടി പി ചന്ദ്രശേഖരന് വധം ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തെ ഏറ്റവും നോവുന്ന ഓര്‍മ്മയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടിംഗ് ശതമാനം കുറയുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ചിന്നക്കനാലില്‍ ഭീതി പടര്‍ത്തിയ കാട്ടാന ചക്കക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിക്കാനായുള്ള ദൗത്യം മൂന്നാം ദിവസവും നിര്‍ത്തിവെച്ചു. വൈകിട്ട് 4 മണിക്ക് മയക്കുവെടി വച്ചിട്ടും പൂര്‍ണമായി മയങ്ങാത്ത ആന, ജലാശയത്തിലേക്ക് ഇറങ്ങിയത് അര മണിക്കൂറോളം ദൗത്യസംഘത്തെ ആശങ്കയിലാക്കി. തുടര്‍ന്ന് കരയ്ക്ക് കയറിയ ആന, അക്രമാസക്തനായി ദൗത്യ സംഘത്തിന് നേരെയും തിരിഞ്ഞു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ദൗത്യം ഉണ്ടാകില്ലന്ന് സിസിഎഫ് അറിയിച്ചു.
◾ പാലക്കാട് മണ്ണാര്‍ക്കാട് പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ട് തിരിമറി നടത്തിയ സംഭവത്തില്‍ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ.എ. തുളസിയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു.
◾ നിര്‍മ്മിത ബുദ്ധിയും ഡിജിറ്റല്‍ അല്‍ഗോരിതങ്ങളും മനുഷ്യനെ അവരവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളിലേക്ക് മാത്രം ചുരുക്കുകയാണെന്ന് ഡോ. ശശി തരൂര്‍ എംപി. വിയോജിക്കുന്നവരെ കേള്‍ക്കുന്നതിന് പകരം അവരെ ബ്ലോക്ക് ചെയ്യുന്ന പ്രവണതയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.
◾ എഐ മാനവരാശിക്ക് ഭീഷണിയാണെന്ന് നടന് മമ്മൂട്ടി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്, ആര്‍ട്ടിഫിഷ്യലി ഇന്റലിജന്റ് ആയാല്‍ പണിപാളും. ഏതെങ്കിലും ഒരു ഏകാധിപതിയുടെ കൈയില്‍ കിട്ടിയാല്‍ ലോകത്തിന് ഭീഷണിയാകുമെന്നും ഈ വിഷയത്തില്‍ രാഷ്ട്ര നേതാക്കള്‍ക്ക് പുനര്‍ചിന്ത ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
◾ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഗുരുവായൂര്‍ അമ്പലത്തില്‍ ദര്‍ശനം നടത്തി. ഇന്നലെ ഉച്ചതിരിഞ്ഞ് ശീവേലിക്കുശേഷം 3.55 ന്് ക്ഷേത്രത്തിനകത്തേക്ക് കടന്ന രാഷ്ട്രപതി 4.10 ന് പുറത്തു കടന്നു. രാഷ്ട്രപതിയുടെ മകള്‍ നിത്യശ്രീ മുര്‍മു, ഗവര്‍ണര്‍ ഓംപ്രകാശ് മാഥൂര്‍ ദേവസ്വം മന്ത്രി കെ. മുരളീധരന് എന്നിവരും കൂടെയുണ്ടായിരുന്നു.
◾ പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയില്‍ പ്രവര്‍ത്തിക്കുന്ന ഇഷാന് ഗോള്‍ഡ് ജ്വല്ലറിയില്‍ നിന്ന് ആയുധം കാട്ടി ഭീഷണിപ്പെടുത്തി 20 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. കവര്‍ച്ചയ്ക്കുശേഷം സംഘം തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമല ഭാഗത്തേക്ക് പോയതായും അറിയുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
◾ തൃശ്ശൂര്‍ കിഴുപ്പിള്ളിക്കരയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. തൃശ്ശൂരില്‍ ഹോള്‍സെയില്‍ ഇലക്ട്രോണിക്സ് സ്ഥാപനം നടത്തുന്ന സന്തോഷ്(55) ഭാര്യ ഷിനി(46) എന്നിവരാണ് മരിച്ചത്. വീടിന്റെ അടുക്കളയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
◾ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മലയാളി നഴ്സിനെ ബാംഗ്ലൂരിലെ ലോഡ്ജില്‍ കാമുകനായ മലയാളി യുവാവ് കുത്തിക്കൊലപ്പെടുത്തി. അടൂര്‍ സ്വദേശിയായ ഗംഗ എന്ന യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്തും കൊല്ലം സ്വദേശിയുമായ ഗോകുല്‍ കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മില്‍ കഴിഞ്ഞ നാലുവര്‍ഷമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ കൊലപാതകത്തിനുപിന്നില്‍ എന്താണ് എന്ന കാര്യം വ്യക്തമല്ല.
◾ തമിഴ്നാട്ടിലെ മധുര ജില്ലയിലെ തിരുപ്പറകുണ്ട്രം മലയിലെ ദീപത്തൂണില്‍ കാര്‍ത്തികദീപം ഇന്ന് തെളിയിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. ഉത്തരവ് നടപ്പാക്കാത്തതില്‍ വിജയ് സര്‍ക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ക്ഷേത്ര ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്ത് റിസീവര്‍ ഭരണം ഏര്‍പ്പെടുത്തിയ കോടതി, സുരക്ഷാ ചുമതല കേന്ദ്ര സേനയെ ഏല്‍പ്പിച്ചു
◾ ജില്ലാ കളക്ടര്‍ക്ക് അശ്ലീലസന്ദേശം അയച്ചെന്ന കേസില്‍ ടിവികെ എംഎല്‍എ അരുള്‍ വിഘ്നേഷ് അറസ്റ്റില്‍. കള്ളക്കുറിച്ചിയിലെ എംഎല്‍എയായ അരുള്‍ വിഘ്നേഷി(36)നെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ജൂലായ് മാസത്തില്‍ നടന്ന സംഭവത്തില്‍ നാലുമാസത്തിന് ശേഷമാണ് അറസ്റ്റുണ്ടാകുന്നത്.
◾ അടുത്തയാഴ്ച ചേരുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുമെന്ന് കരുതുന്ന മണ്ഡല പുനര്‍ നിര്‍ണയ ബില്ലിനെ ശരദ് പവാറിന്റെ എന്‍സിപി പിന്തുണയ്ക്കും. പാര്‍ട്ടി നേതാവ് ജിതേന്ദ്ര അവ്ഹാദ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
◾ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള ശരദ് പവാറിന്റെ എന്‍.സി.പിയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരം നിര്‍ണായക വിഷയങ്ങള്‍ 'ഇന്ത്യ' സഖ്യ യോഗത്തില്‍ ചര്‍ച്ച ചെയ്താണ് തീരുമാനമെടുക്കേണ്ടിയിരുന്നതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
◾ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ ശക്തമായി എതിര്‍ക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. പാര്‍ലമെന്റില്‍ ആവശ്യത്തിന് അംഗബലമുണ്ടെങ്കിലും ഇല്ലെങ്കിലും ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
◾ തൃണമൂല്‍ വിമതന് ഋതബ്രത ബാനര്‍ജിയെ നിയമസഭ പ്രതിപക്ഷ നേതാവായി നിയമിച്ച സ്പീക്കറുടെ ഉത്തരവ് കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കി. ഋതബ്രതയെ പ്രതിപക്ഷ നേതാവായി നിയമിച്ച ഉത്തരവ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഇത് പുനഃപരിശോധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നും സ്പീക്കറോട് നിര്‍ദേശിച്ചു.
◾ രണ്ട് ഇറ്റാലിയന്‍ സാങ്കേതിക വിദഗ്ധര്‍ കൊല്ലപ്പെട്ട കുവൈത്ത് ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം തള്ളി ഇറാന്. ആക്രമണത്തില്‍ ഇറാന് പങ്കില്ലെന്നും സംയുക്ത അന്വേഷണത്തിന് തയ്യാറെന്നും ഇറാന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇറാന് തന്നെയാണ് ആക്രമണം നടത്തിയത് എന്ന നിലപാടിലാണ് കുവൈത്തും ഇറ്റലിയും.
◾ യൂറോപ്പ് വരെ എത്തിച്ചേരാന്‍ കഴിയുന്ന മിസൈലുകള്‍ ഇറാന്റെ പക്കലുണ്ടെന്നും മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരാതിരുന്നാല്‍ അത് ആണവദുരന്തത്തില്‍ കലാശിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് സേനാംഗങ്ങളുമായി ആശയവിനിമയം നടത്തുകയായിരുന്നു ട്രംപ്.
◾ മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് രോഹിത് ശര്‍മ്മ വീണ്ടും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തി. 2027 ഐപിഎല്‍ സീസണില്‍ ടീമിനെ രോഹിത് നയിക്കുമെന്ന് മുംബൈ ഇന്ത്യന്‍സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
◾ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 160 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11,600 രൂപയിലും പവന് 92,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9,465 രൂപയും പവന് 75,960 രൂപയിലും വ്യാപാരം നടക്കുന്നു. കഴിഞ്ഞ ദിവസത്തെ വിലയില്‍ നിന്ന് സ്വര്‍ണത്തിന് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 165 രൂപയിലും 10 ഗ്രാമിന് 1650 രൂപയിലുമാണ് വ്യാപാരം നടക്കുക.
◾ ഇന്ത്യയിലെ സാന്നിധ്യം വിപുലീകരിച്ച് ആപ്പിള്‍. രാജ്യത്തെ ഏഴാമത്തെ ഔദ്യോഗിക റീട്ടെയില്‍ സ്റ്റോര്‍ ഹൈദരാബാദില്‍ തുറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. 'ആപ്പിള്‍ കുക്കട്പള്ളി' എന്ന് പേരിട്ടിരിക്കുന്ന സ്റ്റോര്‍ ഡിസംബര്‍ 10ന് വൈകിട്ട് 5 മണിക്ക് ഉപഭോക്താക്കള്‍ക്കായി തുറന്നുകൊടുക്കും. ഇതോടെ ആപ്പിളിന് ഔദ്യോഗിക സ്റ്റോറുകളുള്ള ഇന്ത്യയിലെ ആറാമത്തെ നഗരമായി ഹൈദരാബാദ് മാറും.
◾ ഇന്ത്യയിലെ സങ്കീര്‍ണ്ണമായ ബാങ്ക്, ആശുപത്രി, സര്‍ക്കാര്‍ രേഖകള്‍ വായിച്ചെടുക്കാന്‍ സഹായിക്കുന്ന ഭാരത്ജെന്റെ പുതിയ എഐ മോഡലാണ് 'പത്രം 1.5'. 7 ബില്യണ്‍ പാരാമീറ്ററുകളുള്ള ഈ മോഡല്‍ തെറ്റായ വിവരങ്ങള്‍ നല്‍കാതെയും സ്വകാര്യത ഉറപ്പാക്കിയും കൃത്യമായ സേവനം നല്കുന്നു.
◾ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ മികച്ച വില്‍പ്പന നേട്ടവുമായി യമഹ. 2026 ഒക്ടോബറിലെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ സ്കൂട്ടര്‍ വിഭാഗത്തില്‍ യമഹ റേ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ മാസം 22,265 യൂണിറ്റ് റേ സ്കൂട്ടറുകളാണ് വിറ്റഴിച്ചത്. എന്നാscooല്‍ 2025 ഒക്ടോബറില്‍ വിറ്റ 22,738 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ രണ്ട് ശതമാനം ഇടിവുണ്ടായി. അതേസമയം, കമ്പനിയുടെ മറ്റ് മോഡലുകളില്‍ പലതും മികച്ച വളര്‍ച്ച രേഖപ്പെടുത്തി. പ്രത്യേകിച്ച് ആര്15, ഫാസിനോ, എംടി-15 മോഡലുകള്‍ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്.
◾ ബൈക്കായ പള്‍സര്‍ ആര്‍എസ്200ന് നിരവധി പരിഷ്കാരങ്ങളാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഡല്‍ഹിയില്‍ 1,98,441 രൂപയാണ് പുതിയ മോഡലിന്റെ എക്സ് ഷോറൂം വില. കൂടുതല്‍ കരുത്തുള്ള എന്ജിന്, പുതിയ സസ്പെന്ഷന്, റൈഡിങ് മോഡുകള്‍, ട്രാക്ഷന്‍ കണ്ട്രോള്, ടിഎഫ്ടി ഡിസ്പ്ലേ തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകള്‍.
◾ ക്യാമ്പസ് പ്രണയവും സൗഹൃദവുമൊക്കെ നിറഞ്ഞ കഥകളെ എന്നും മലയാളം സിനിമാ പ്രേക്ഷകര്‍ നെഞ്ചോടുചേര്‍ത്തിട്ടുണ്ട്. അത്തരത്തില്‍ പുതുതലമുറയുടെ പ്രണയവും സൗഹൃദവും ആഘോഷങ്ങളുമെല്ലാം മനോഹരമായി കോര്‍ത്തിണക്കി എത്തിയിരിക്കുന്ന ചിത്രമാണ് ലിജീഷ് കുമാറിന്റെ രചനയില്‍ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത 'പ്രേംപാറ്റ'. ജോമോന് ജ്യോതിര്‍ നായകനാകുന്ന ചിത്രം കോളേജ് എന്‍എസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. ഒരു വയനാടന്‍ ഗ്രാമത്തിലേക്ക് ക്യാമ്പിന്റെ ഭാഗമായി എത്തുന്ന അമ്പതോളം വിദ്യാര്‍ഥികളുടെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. ക്യാമ്പിലെ രസകരമായ അനുഭവങ്ങളും കൂട്ടുകാരുടെ തമാശകളും സൗഹൃദങ്ങളും പ്രണയവും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.
◾ മിന്നല്‍ മുരളി അടക്കമുള്ള ശ്രദ്ധേയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് മോളിവുഡ് യുവതാരനിരയിലെ ശ്രദ്ധേയനായ സന്ദീപ് പ്രദീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രം. അതിന് കോസ്മിക് സാംസണ് എന്ന് പേര്. സൂപ്പര്‍ഹീറോ എലമെന്റുകളോടു കൂടിയ ഫാന്റസി ആക്ഷന്‍ ചിത്രം എന്ന സൂചനയോടെ വലിയ പ്രേക്ഷകപ്രതീക്ഷകളുടെ മധ്യത്തിലേക്കാണ് അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രം എത്തിയിരിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പത്താമത് നിര്‍മ്മാണ സംരംഭം എന്ന പ്രത്യേകതയുള്ള ചിത്രത്തില്‍ ഡി ഗ്രൂപ്പും നിര്‍മ്മാണ പങ്കാളിയാണ്.
◾ ആഴ്ചകളോളം വിട്ടുമാറാതെ നില്ക്കുന്ന ചില ദഹനവ്യതിയാനങ്ങള് ശരീരത്തിലെ സുപ്രധാന അവയവമായ പാന്‍ക്രിയാസിനെ ബാധിക്കുന്ന ഗുരുതര രോഗങ്ങളുടെ പ്രാരംഭ ലക്ഷണമാകാന്‍ സാധ്യതയുണ്ട്.പാന്‍ക്രിയാസില്‍ അര്‍ബുദമുഴകള്‍ വളരുമ്പോള്‍, പ്രത്യേകിച്ച് ഗ്രന്ഥിയുടെ തലഭാഗത്ത് മുഴകള്‍ ഉണ്ടാകുമ്പോള്‍ അത് ദഹനരസങ്ങളെ ചെറുകുടലിലേക്ക് എത്തിക്കുന്ന പാന്‍ക്രിയാറ്റിക് നാളിയെ തടസ്സപ്പെടുത്തുന്നു. ഇതോടെ ദഹനരസങ്ങള്‍ കുടലില്‍ എത്താതാവുകയും ഭക്ഷണം ശരിയായി ദഹിക്കാതെ പോവുകയും ചെയ്യുന്നു. ഇതിനെയാണ് വൈദ്യശാസ്ത്രത്തില്‍ എക്സോക്രൈന്‍ പാന്‍ക്രിയാറ്റിക് ഇന്‍സഫിഷ്യന്‍സി (ഇ.പി.ഐ) എന്ന് വിളിക്കുന്നത്.
◾ ചര്‍മ്മം നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ, പരിവര്‍ത്തനാത്മകമായ (ഡൈനാമിക്ക്) അവയവമാണ്.ചര്‍മ്മം ആരോഗ്യത്തോടെ സൂക്ഷിക്കുക എന്നതാണ് സ്കിന്‍കെയറിന്റെ ലക്ഷ്യം. പുറമെ പുരട്ടുന്ന ഒരു പ്രകൃതിദത്ത ഉത്പന്നം കൊണ്ട് ഒരിക്കലും ഒരാളുടെ ചര്‍മ്മത്തിന്റെ നിറം മറ്റൊന്നായി മാറ്റാന്‍ സാധിക്കില്ല. തുടര്‍ച്ചയായുള്ള ഉപയോഗത്തിലൂടെ, സൂര്യതാപം കൊണ്ടുള്ള നിറംമങ്ങല്, മുഖക്കുരു, മുഖക്കുരുവിന്റെ പാട് എന്നിവ നിയന്ത്രിച്ച് ചര്‍മ്മം ആരോഗ്യത്തോടെ സൂക്ഷിക്കാനാണ് സ്കിന്‍കെയര്‍ ചെയ്യേണ്ടത്.ആരോഗ്യകരമായ ഒരു ജീവിതചര്യയുടെ ഭാഗമാണ് ചിട്ടയോടെയുള്ള ചര്‍മ്മസംരക്ഷണം. അത് ഉടനടി പരിഹാരം കിട്ടാനുള്ള ഒരെടുത്തുചാട്ടമല്ല. മറിച്ച് സ്ഥിരതയുള്ള ഒരു സെല്‍ഫ്കെയര്‍ റുട്ടീന്‍ ആണ്. അങ്ങനെയുള്ള ചര്‍മ്മസംരക്ഷണമാണ് സുസ്ഥിരവും ആരോഗ്യകരവുമായ ഫലം തരിക.
ശുഭദിനം
കവിത കണ്ണന്
ഗുരുവിനെ കാണാന്‍ വളരെ ദൂരെ നിന്ന് എത്തിയതായിരുന്നു അയാള്‍. രാത്രിയാകും മുന്‍പ് തിരിച്ചു പോകണം എന്നാണ് അയാള്‍ കരുതിയത്. പക്ഷെ ഗുരുവിന്റെ പ്രഭാഷണം കേട്ട് നേരം ഒരുപാട് വൈകി. ഒരു കാട് കടന്നു വേണമായിരുന്നു അയാള്‍ക്ക് പോകാന്‍. രാത്രി ഏറെ വൈകിയതിനാല്‍ അയാള്‍ക്ക് പേടി തോന്നി. ഗുരു ഒരു തിരി നല്‍കിയിട്ട് ഇതുമായി പൊക്കോളാന്‍ പറഞ്ഞു. പടി കടന്നയുടന്‍ ഗുരു ആ തിരി ഊതികെടുത്തി. അത്ഭുതത്തോടെ നോക്കിയ അയാളോട് ഗുരു ഇങ്ങനെ പറഞ്ഞു: ' എന്റെ വെളിച്ചം നിന്നെ സഹായിക്കില്ല. സ്വയം വെളിച്ചം കണ്ടെത്തൂ'. ഇതു കേട്ട് അയാള്‍ ധൈര്യത്തോടെ കാട്ടിലേക്ക് നടന്നു തുടങ്ങി.. ആരാധനാ പാത്രങ്ങളും ആദര്‍ശമാതൃകകളും തെളിക്കുന്ന ദീപങ്ങള്‍ക്കു വഴികാണിക്കാനാകും.. പക്ഷെ ആ വഴി നമുക്ക് അനുയോജ്യമാകണമെന്നില്ല. വഴി നല്ലതായതുകൊണ്ടോ വഴിവിളക്കുകള്‍ ഉള്ളത് കൊണ്ടോ ദിശാസൂചകങ്ങള്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതുകൊണ്ടോ ആരും ഒരു യാത്രയും പൂര്‍ത്തിയാക്കുന്നില്ല. സ്വന്തം തീരുമാനങ്ങളും കര്‍മപദ്ധതികളും ഉള്ളവര്‍ക്ക് മാത്രമേ നേട്ടങ്ങള്‍ കൈവരിക്കാനാകൂ. എല്ലായിടത്തും വെളിച്ചമുണ്ടെന്നു ഉറപ്പ് വരുത്താനോ എല്ലായിടത്തും വെളിച്ചവുമായി കൂടെ നടക്കാനോ ഒരു മാര്‍ഗദര്‍ശിക്കും കഴിയില്ല. ഇരുട്ടിലൂടെ നടന്നു സ്വയം പാകപ്പെട്ടേ മതിയാകൂ. നമ്മുടെ ഓരോ യാത്രകളിലും സ്വന്തം വെളിച്ചം കൂട്ടിനുണ്ടാകട്ടെ - ശുഭദിനം.