വരുമാനം വർധിപ്പിക്കാൻ കെഎസ്ആർടിസി റൂട്ടുകളുടെ എണ്ണം ഉയർത്തുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കൂടുതൽ ബസുകൾ വാങ്ങും.ബസുകളിലും ടിക്കറ്റിലും പരസ്യം നൽകുന്നതും സ്ഥാപനങ്ങൾക്ക് ബസ് സ്പോൺസർ ചെയ്യാൻ അവസരം നൽകുന്നതും പരിഗണനയിലുണ്ടെന്നു ഗതാഗത മന്ത്രി സി.പി.ജോൺ പറഞ്ഞു.
മെട്രോ മാതൃകയിൽ ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാനാണു ശ്രമം. ബസ് ഡിപ്പോകൾ ബ്രാൻഡ് ചെയ്യുക, ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിച്ചു പരസ്യം വഴി വരുമാനം കണ്ടെത്തുക,ലഭ്യമായ സ്ഥലങ്ങളിൽ ഡോർമിറ്ററികളും ഫ്രഷ് അപ് സൗകര്യങ്ങളും ഒരുക്കുക, കെഎസ്ആർടിസിയുടെ ഇന്ധന പമ്പുകൾക്കൊപ്പം വൈദ്യുതി ചാർജിങ്, സിഎൻജി സ്റ്റേഷനുകൾ അനുവദിക്കുക തുടങ്ങിയ മാർഗങ്ങൾ പരിഗണിക്കും. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് മലബാർ മേഖലയിൽ ഓർഡിനറി ബസുകൾ കുറവായതിനാൽ, അവിടെ എണ്ണം പടിപടിയായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.