പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞതിനു പിന്നാലെ ചിരട്ടവിലയും താഴ്ന്നതു കേരകർഷകരെയും വ്യാപാരികളെയും പ്രതിസന്ധിയിലാക്കി. പച്ചത്തേങ്ങയുടെ വില ഇടിയുമ്പോഴും ചിരട്ടയുടെ വില കൂടുന്നത് കർഷകർക്കും വ്യാപാരികൾക്കും ഗുണകരമായിരുന്നു. നേരത്തേ ഒരു കിലോഗ്രാം പച്ചത്തേങ്ങ 78 രൂപ രൂപ നൽകിയാണു കേരഫെഡ് ശേഖരിച്ചിരുന്നത്; ഇപ്പോൾ 54 രൂപയാണു വില. നേരത്തേ ഒരു കിലോ ഗ്രാം ചിരട്ടയ്ക്ക് 38 രൂപ വരെ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 20 രൂപയായി.
ചിരട്ടക്കരിയുടെ വില ഇടിഞ്ഞതാണു ചിരട്ടയുടെ വില കുറയാൻ കാരണമെന്നു പറയുന്നു. ഇന്തൊനീഷ്യയിൽനിനു ചിരട്ടക്കരി ഇറക്കുമതി ചെയ്യാൻ തുടങ്ങിയതാണു ചിരട്ടയുടെ വിലയിടിവിനു പ്രധാന കാരണം. ചിരട്ടക്കരിയുടെ ഇറക്കുമതി തുടരുന്ന സാഹചര്യത്തിൽ ചിരട്ട വില ഉയരാനുള്ള സാധ്യതയില്ലെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി. കർഷകരിൽ നിന്നു പച്ചത്തേങ്ങ വാങ്ങി കൊപ്രയാക്കി വിൽപന നടത്തുന്ന വ്യാപാരികൾക്കും ചിരട്ട വിലവർധന ഗുണകരമായിരുന്നു. ചിരട്ടയ്ക്ക് ആവശ്യക്കാർ ഏറിയതോടെ കർഷകർക്ക് കൂലിയിനത്തിൽ ചെലവാകുന്ന തുകയുടെ ഒരു ഭാഗം ലാഭിക്കാമായിരുന്നു. പണിക്കൂലി വർധിച്ചതും വളത്തിൻ്റെ വില കൂടിയതും കാരണം തെങ്ങുകൃഷി നഷ്ടത്തിലാണ്.
വിലസ്ഥിരത ഉറപ്പാക്കാനും കേരഫെഡ് വഴി സംഭരണം ശക്തിപ്പെടുത്താനും നടപടി വേണമെന്നാണു കർഷകരുടെ ആവശ്യം.