ഇടുക്കി: വിവിധ ഭൂപ്രശ്നങ്ങൾക്കും കർഷകർ നേരിടുന്ന പ്രതിസന്ധികൾക്കും പരിഹാരം ആവശ്യപ്പെട്ട് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ ഇടുക്കി ജില്ലയിൽ പുരോഗമിക്കുന്നു. രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ വൈകിട്ട് ആറുവരെ തുടരും.
പരിസ്ഥിതിലോല മേഖല (ESA) സംബന്ധിച്ച കെഡസ്ട്രൽ മാപ്പിലെ അവ്യക്തതകൾ പരിഹരിക്കുക, കാർഡമം ഹിൽ റിസർവ് (CHR) പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, ജനവാസ മേഖലകളെ ബാധിക്കുന്ന ആനത്താര പദ്ധതികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹർത്താൽ.
ഹർത്താലിനെ തുടർന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസ് സർവീസുകളെയും ഹർത്താൽ ബാധിച്ചു. കെഎസ്ആർടിസി പരിമിതമായ സർവീസുകൾ നടത്തുന്നുണ്ട്. ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.
അവശ്യസേവനങ്ങൾ, വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്കുള്ള യാത്രകൾ, ജില്ലയ്ക്ക് പുറത്തുനിന്നുള്ള വിനോദസഞ്ചാരികൾ തുടങ്ങിയവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈകിട്ട് ആറുവരെയാണ് ഹർത്താൽ.