മധ്യ പൂർവ ഏഷ്യയിൽ നിലവിലുള്ള യുദ്ധ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ദ്രവീകൃത പെട്രോളിയം വാതകം (LPG ) വിതരണത്തിൽ രാജ്യവ്യാപകമായി നിയന്ത്രണങ്ങളൂം വിതരണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ സംസ്ഥാനത്ത് LPG വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികൾ ഏകോപിപ്പിക്കുന്നതിനും, നിർദ്ദേശങ്ങൾ നൽകുന്നതിനും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പ് സെക്രട്ടറി കൺവീനർ ആയും ബന്ധപ്പെട്ട
വകുപ്പ് സെക്രെട്ടറിമാർ മെമ്പർമാർ ആയും ഒരു സ്റ്റേറ്റ് ക്രൈസിസ് മാനേജ്മെൻറ്റ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
വിതരണ നിയന്ത്രണം :
നിലവിലെ സാഹചര്യത്തിൽ വാണിജ്യ LPG സിലിണ്ടറുകളുടെ വിതരണം നിയന്ത്രിത രീതിയിൽ ആയിരിക്കും. സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് നിർദ്ദിഷ്ട മേഖലകൾക്ക് മുൻഗണന നൽകി വിതരണം നടത്തും.
മുൻഗണന മേഖലകൾ :
ആശുപത്രികൾ, അംഗൻവാടികൾ അടക്കമുള്ള സ്കൂളുകൾ, ശ്മശാനങ്ങൾ, ഇൻഡസ്ട്രിയൽ കാന്റീനുകൾ , സ്കൂൾ -കോളേജ് ഹോസ്റ്റലുകൾ, കമ്മ്യൂണിറ്റി കിച്ചൻ, സുഭിക്ഷ ഹോട്ടൽ, വൃദ്ധ സദനങ്ങൾ/ അനാഥാലയങ്ങൾ, എന്നിവയുടെ യഥാർത്ഥ ആവശ്യകതയുടെ 100% ലഭ്യമാക്കും.
അർദ്ധ-മുൻഗണനാ മേഖലകൾ :
ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാന്റീനുകൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, സർക്കാർ / തദ്ദേശ ഭരണ സ്ഥാപനങ്ങൾ നടത്തുന്ന കിച്ചണുകൾ, മൈഗ്രന്റ് തൊഴിലാളികൾക്കുള്ള 5 KG LPG തുടങ്ങിയ മേഖലകൾക്ക് പ്രത്യേക ഇളവ് നൽകി അവരുടെ യഥാർത്ഥ ആവശ്യകതയുടെ 40% ലഭ്യമാക്കും.
PNG (Piped Natural Gas ) നടപടി :
എല്ലാ വാണിജ്യ / ഇൻഡസ്ട്രിയൽ LPG ഉപഭോക്താക്കളും അവരുടെ പ്രദേശത്ത് സിറ്റി ഗ്യാസ് ഡിസ്ട്രിബൂഷൻ ലഭ്യമാണെങ്കിൽ ടി സ്ഥാപനങ്ങളിൽ നിന്ന് pipeline കണക്ഷൻ ലഭിക്കുന്നതിനായി ഉടൻ അപേക്ഷിക്കേണ്ടതാണ്. PNG സൗകര്യം ലഭ്യമായിട്ടുള്ള സ്ഥലങ്ങളിൽ അതിലേക്ക് മാറുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്ത പക്ഷം ഭാവിയിൽ LPG ലഭ്യതയിൽ നിയന്ത്രണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
SOS അപേക്ഷ സംവിധാനം :
അടിയന്തിര ആവശ്യങ്ങൾക്കായി https://www.lpgtrackerkerala.in എന്ന വെബ് പോർട്ടൽ പ്രവർത്തന ക്ഷമമാക്കിയിട്ടുണ്ട്. വാണിജ്യ LPG ആവശ്യങ്ങൾക്കായി SOS അപേക്ഷകൾ ഇവിടെ സമർപ്പിക്കാം. ജില്ലാ ക്രൈസിസ് മാനേജ്മന്റ് കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച് ആവശ്യകതയുടെ ആനുപാതികമായി ഗ്യാസ് ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കും.
ജില്ലാ തല നിയന്ത്രണ സംവിധാനം :
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ജില്ലാ ക്രൈസിസ് മാനേജ്മന്റ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു. വിതരണ നിരീക്ഷണം, ആവശ്യാനുസരണം മുൻഗണനാ വിതരണം എന്നിവ ഉറപ്പാക്കും. PNG വിപുലീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ സപ്ലൈ ഓഫീസർ കൺവീനർ ആയി പ്രത്യേക സമിതിയും നിലവിൽ ഉണ്ട്.
കടുത്ത നിരീക്ഷണവും പരിശോധനയും :
ഗ്യാസ് ഏജൻസികൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദിവസേന പരിശോധനകൾ നടത്തുന്നു. ഡൊമസ്റ്റിക്, നോൺ ഡൊമസ്റ്റിക് LPG യുടെ വ്യവസായ ഉപയോഗം, അധിക വില ഈടാക്കൽ, കരിഞ്ചന്ത, അനധികൃത സംഭരണം, പൂഴ്ത്തിവെയ്പ്, കുറവുള്ള തൂക്കം തുടങ്ങിയ കർശനമായി നിരീക്ഷിക്കുകയും, ആവശ്യമായ ഇടങ്ങളിൽ കേസെടുത്ത് നടപടി സ്വീകരിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമ ലംഘനങ്ങൾക്ക് Essential Commodities Act പ്രകാരവും, 2000 ലെ LPG കണ്ട്രോൾ ഓർഡർ പ്രകാരവും കടുത്ത നടപടി സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ :
അനാവശ്യമായി LPG സിലിണ്ടറുകൾ സംഭരിക്കരുത്. പരിഭ്രാന്തി മൂലമുള്ള ബുക്കിംഗ് ഒഴിവാക്കുക. വ്യാജ വിപണി / ദുരുപയോഗം, കരിഞ്ചന്ത, അധികവില ഈടാക്കൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക
നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ LPG വിതരണത്തിൽ നിയന്ത്രണങ്ങൾ അനിവാര്യമാണ്. അതിനാൽ എല്ലാ വാണിജ്യ ഉപഭോക്താക്കളും സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കുകയും, PNG പോലുള്ള പരിസ്ഥിതി സൗഹൃദവും, സ്ഥിരതയുള്ളതുമായ വഴികളിലേക്ക് മാറുകയും ചെയ്യേണ്ടതാണ്.