ശാന്തമാകുമെന്ന് കരുതിയ പശ്ചിമേഷ്യ വീണ്ടും യുദ്ധകലുഷിതം. ഇനി തൊട്ടാൽ ‘തീക്കളി’ എന്ന മുന്നറിയിപ്പുമായി ഇസ്രയേലിൽ ഇറാൻ മിസൈലുകളുടെ പെരുമഴ പെയ്യിച്ചു. തിരിച്ചടിച്ചാൽ മറുപടി ഇതിലും കടുപ്പമായിരിക്കുമെന്ന ഭീഷണിയും മുഴക്കി.
ഇസ്രയേലും ഇറാനും തമ്മിലെ സംഘർഷം വീണ്ടും കലുഷിതമായതോടെ, മുറിവേറ്റത് ഇന്ത്യൻ ഓഹരി വിപണിക്കും. സെൻസെക്സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 720 പോയിന്റ് (-0.97%) താഴ്ന്ന് 73,525ലാണ്. നിഫ്റ്റി 244 പോയിന്റ് (-1.04%) നഷ്ടവുമായി 23,123ലും.
ഇന്ന് വ്യാപാരത്തിന്റെ ആദ്യ മിനിറ്റുകളിൽതന്നെ നിക്ഷേപകർക്ക് നഷ്ടമായത് 5 ലക്ഷം കോടിയിലധികം രൂപയാണ്. ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്ന് വ്യാപാരാന്ത്യത്തിലുള്ളത് 6.95 ലക്ഷം കോടി രൂപ നഷ്ടവുമായി 454.64 ലക്ഷം കോടി രൂപയിൽ.
30 മിസൈൽ, ഹൂതികളും അയച്ചു 2 എണ്ണം
ഞായറാഴ്ച ഇറാൻ 30 മിസൈലുകളാണ് ഇസ്രയേലിനു നേർക്ക് തൊടുത്തതെന്ന് ഇസ്രയേലി സൈന്യം വ്യക്തമാക്കി. യെമനിലെ ഹൂതി വിമതർ 2 മിസൈലുകളും തൊടുത്തു. ഇതെല്ലാം തടുത്തിട്ടെന്നും ഇസ്രയേൽ പറയുന്നു.
ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനും ഹോർമുസിൽ ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകളെ തടയുന്ന യുഎസ് സൈന്യത്തിന്റെ നടപടികൾക്കും തിരിച്ചടിയെന്നോണമാണ് ഇസ്രയേലിനു നേരെ ഇറാൻ മിസൈലുകൾ അയച്ചത്.
ട്രംപിനെ തള്ളി
സമാധാന ശ്രമങ്ങൾ തുടരുകയാണെന്നും ഇറാനെ തിരിച്ചടിക്കേണ്ടെന്നും ഇതിനിടെ യുഎസ് പ്രസിഡന്റ് ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ആവശ്യം കൈയോടെ തള്ളിയ ഇസ്രയേൽ, ഇറാനിലെ സുപ്രധാന പെട്രോകെമിക്കൽ പദ്ധതികൾക്കുനേരെ ആക്രമണം നടത്തി. ഫലത്തിൽ ഇറാനും ഇസ്രയേലും തമ്മിൽ പോര് മൂർച്ഛിക്കുകയും ട്രംപ് വെട്ടിലാവുകയും ചെയ്തു.
എണ്ണവില കുതിപ്പിൽ
പശ്ചിമേഷ്യ വീണ്ടും കലുഷിതമായതോടെ, എണ്ണവില (ക്രൂഡോയിൽ) കുതിപ്പാരംഭിച്ചു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 4.13% മുന്നേറി 96.93 ഡോളറിലും ഡബ്ല്യുടിഐ ക്രൂഡ് (യുഎസ് ക്രൂഡ്) 4.67% ഉയർന്ന് 94.77 ഡോളറിലുമെത്തി. യുഎസ് ഡോളർ ഇൻഡക്സ്, ബോണ്ട് യീൽഡ് എന്നിവയും ഉയർന്നു.
ഓഹരികൾ കണ്ണീർപ്പുഴ
എണ്ണവില വർധന പണപ്പെരുപ്പം കൂടാനും അതിന്റെ ചുവടുപിടിച്ച് അടിസ്ഥാന പലിശനിരക്ക് ഉയരാനും വഴിയൊരുക്കുമെന്ന വിലയിരുത്തലാണ് ഇന്ന് ഓഹരി വിപണികളെ തളർത്തിയത്. യുഎസിൽ പുതിയ തൊഴിലവസരങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടിയത് പലിശനിരക്ക് ഉയർന്നതലത്തിൽതന്നെ നിലനിർത്താൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിനെ പ്രേരിപ്പിക്കുമെന്നതും ഓഹരികളെ ഉലച്ചു. യുഎസ്, ഏഷ്യൻ ഓഹരി വിപണികൾ മുൻനിര ടെക് കമ്പനികളുടെ ഓഹരികളിലുണ്ടായ വിൽപനസമ്മർദത്തിലും അടിതെറ്റി വീണു. ഇതിന്റെ ആഘാതവും ഇന്ത്യയിലുണ്ടായി. ദക്ഷിണ കൊറിയൻ, ജാപ്പനീസ് സൂചികകൾ 4-8 ശതമാനമാണ് ഇടിഞ്ഞത്.
കൈവിട്ട് വിദേശികൾ
വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ നിന്ന് പിൻവലിയുന്നതും രൂപ വീണ്ടും ഡോളറിനെതിരെ നിലവാരത്തിലേക്ക് താഴ്ന്നതും ഇന്ത്യൻ ഓഹരിവിപണികളുടെ വീഴ്ചയുടെ ആക്കംകൂട്ടി.
സ്വർണവും താഴേക്ക്
അതേസമയം, എണ്ണവില വർധനയും ഡോളറിന്റെ കുതിപ്പും പലിശഭാരം കൂടുമെന്ന വിലയിരുത്തലും സ്വർണത്തിന് തിരിച്ചടിയായിട്ടുണ്ട്. ഔൺസിന് 36 ഡോളർ താഴ്ന്ന് 4293 ഡോളറിലാണ് ഇപ്പോൾ രാജ്യാന്തര സ്വർണവില. കേരളത്തിലെ വില ഇനിയും ഇടിയുമെന്ന സൂചന ഇതു നൽകുന്നു.