സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്ത മലയാളി നഴ്സ് ഫിലോമിന മോചിതയായി. ലഗേജിൽ സൗദിയിൽ നിയന്ത്രണമുള്ള മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. എന്നാൽ വിശദമായ പരിശോധനയിൽ കണ്ടെത്തിയ മരുന്ന് ലഹരിമരുന്നല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ഫിലോമിനയെ വിട്ടയച്ചത്.
വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി സ്വദേശിയായ ഫിലോമിന റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. വാർഷികാവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കുന്നതിനായി ഒക്ടോബർ 10ന് ബെംഗളൂരുവിൽനിന്ന് ജിദ്ദയിലെത്തിയപ്പോഴാണ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചത്.
തുടർന്ന് ഫിലോമിനയെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നത് കുടുംബത്തെ ആശങ്കയിലാക്കിയിരുന്നു. ബന്ധുക്കളുടെയും സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ നയതന്ത്ര അധികൃതരുടെയും ഇടപെടലുകളും വിഷയത്തിൽ നിർണായകമായി.