ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടെന്ന സംശയത്തെ തുടർന്ന് എട്ടുപേരെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. ഡൽഹി, മുംബൈ, പഞ്ചാബ്, ചണ്ഡീഗഢ് എന്നിവിടങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണ പദ്ധതി തയ്യാറാക്കിയതെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം.
അറസ്റ്റിലായവരിൽ നേപ്പാൾ സ്വദേശിയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവാക്കളും ഉൾപ്പെടുന്നതായി പൊലീസ് അറിയിച്ചു. ഇവരിൽ ചിലർക്ക് പാകിസ്താൻ ആസ്ഥാനമായുള്ള ചാരസംഘടനയായ ഐ.എസ്.ഐ.യുമായി ബന്ധമുണ്ടെന്ന സംശയവും അന്വേഷണസംഘം ഉന്നയിച്ചിട്ടുണ്ട്.
പ്രതികളിൽ നിന്ന് ആയുധങ്ങളും മറ്റ് തെളിവുകളും പിടിച്ചെടുത്തതായി പൊലീസ് അവകാശപ്പെട്ടു. ഡ്രോൺ വഴി ഇന്ത്യയിലേക്ക് കടത്തിയ ആയുധങ്ങളാണ് കണ്ടെത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം.
അറസ്റ്റിലായ ചിലർക്ക് അധോലോക സംഘങ്ങളുമായും മറ്റ് ക്രിമിനൽ ശൃംഖലകളുമായും ബന്ധമുണ്ടോയെന്ന കാര്യം ഉൾപ്പെടെ വിശദമായ അന്വേഷണം തുടരുകയാണെന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ കമ്മീഷണർ അനിൽ ശുക്ല അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി കൂടുതൽ പരിശോധനകളും അന്വേഷണ നടപടികളും പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.