ന്യൂഡൽഹി : വാഹനങ്ങൾ പുറംതള്ളുന്ന പുകയുടെ അളവ് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഭാരത് സ്റ്റേജ് എമിഷൻ സ്റ്റാൻഡേഡ്സിന്റെ ഏഴാം സ്റ്റേജ് (ബി എസ് 7) 2029 ഏപ്രിൽ മുതൽ 3 ഘട്ടങ്ങളിലായി നടപ്പാക്കും.
യൂറോ 7 മാനദണ്ഡങ്ങൾക്ക് സമാനമാണ് വ്യവസ്ഥകൾ. 2029 ഏപ്രിൽ മുതൽ കാറുകൾക്ക് ബി എസ് 7 മാനദണ്ഡം നിർബന്ധം ആക്കുമെന്ന് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞപനത്തിൽ പറയുന്നു. 2030 മുതൽ ചെറിയ പിക്കപ്പ് വാനുകൾക്കും ചരക്ക് വാഹനങ്ങൾക്കും 2031 ഏപ്രിൽ മുതൽ ബസുകൾക്കും ഹെവി വാഹനങ്ങൾക്കും പുതിയ നിയന്ത്രണങ്ങൾ ബാധകമാവും.
ഇരുചക്ര വാഹനങ്ങളുടെ കാര്യം പിന്നീട് തീരുമാനിക്കും. 2035 ലാണ് മൂന്നാം ഘട്ടം. അതേസമയം പഴയ വാഹനങ്ങളെ മാനദണ്ഡങ്ങൾ ബാധിക്കില്ല. ബി എസ് 7 മാനദണ്ഡങ്ങൾ പ്രകാരം വാഹനങ്ങളിൽ ഓൺ ബോർഡ് മോണിറ്റർ സംവിധാനം നിർബന്ധമാക്കി. ടയറുകൾ തേയുമ്പോൾ ഉണ്ടാവുന്ന മലിനീകരണം കൂടി പുതിയ മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തി.